ഒമാനിൽ തൊഴിൽ തട്ടിപ്പിന് ഇരയായ ഭിന്നശേഷിക്കാരിയായ മലയാളി നാട്ടിലെത്തി; സഹായമൊരുക്കിയത് മലയാളി അസോസിയേഷൻ

തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളും പരാതികളും സർക്കാർ, പൊലീസ്, നോർക്ക അധികൃതർ എന്നിവർക്ക് കൈമാറിയിട്ടുണ്ടെന്ന് അസോസിയേഷൻ അറിയിച്ചു

ഒമാനിൽ തൊഴിൽ തട്ടിപ്പിനിരയായ ഭിന്നശേഷിക്കാരിയായ മലയാളി യുവതിക്ക് സഹായവുമായി മലയാളി കൂട്ടായ്മ. റൂവിയിലെ മലയാളി അസോസിയേഷന്റെ ഇടപെടലിലൂടെ യുവതി സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങി.

കേരളത്തിലെ ഒരു ഏജന്റ് മുഖേനെ ഹൗസ് മെയ്ഡ് ജോലി വാഗ്ദാനം ചെയ്താണ് യുവതി സന്ദർശക വിസയിൽ ഒമാനിലെത്തിയത്. പ്രതിമാസം 30,000 രൂപയോളം ശമ്പളം ലഭിക്കുമെന്ന ഉറപ്പും നൽകിയിരുന്നുവെന്ന് യുവതി പറയുന്നു. എന്നാൽ ഒമാനിലെത്തിയ ശേഷം വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. തിരിച്ച് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ടിക്കറ്റ് ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും യുവതി തന്നെ വഹിക്കണമെന്നായിരുന്നു ഏജൻ്റിൻ്റെ നിലപാട്.

തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ സഹായം തേടി യുവതി പൊതുപ്രവർത്തകനായ ഫൈസൽ ആലുവയെ സമീപിച്ചു. ഇതോടെയാണ് റൂവിയിലെ മലയാളി അസോസിയേഷൻ വിഷയത്തിൽ ഇടപെടുന്നത്. സംഘടന മുഖ്യമന്ത്രിക്കും നോർക്ക റൂട്ട്സ് സിഇഒയ്ക്കും പരാതി നൽകുകയും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ വിഷയം എത്തിക്കുകയും ചെയ്തു. അസോസിയേഷന്റെ തുടർച്ചയായ ഇടപെടലിനെ തുടർന്ന് മടക്കയാത്രയുടെ ചെലവ് വഹിക്കാൻ ഏജന്റ് ഒടുവിൽ സമ്മതിച്ചു. തുടർന്ന് യുവതിയുടെ പാസ്‌പോർട്ട് തിരികെ ലഭിക്കുകയും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും തൊഴിൽ വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് ആളുകളെ അയച്ച് തട്ടിപ്പ് നടത്തുന്ന വ്യാജ ഏജന്റുമാർക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും മലയാളി അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് സ്ത്രീകളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ലക്ഷ്യമിട്ട് നടക്കുന്ന തൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളും പരാതികളും സർക്കാർ, പൊലീസ്, നോർക്ക അധികൃതർ എന്നിവർക്ക് കൈമാറിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു.

Content Highlight: A Malayali woman with a disability who was reportedly affected by a job scam in Oman has returned to India. A Malayali association helped her with the arrangements to return home

To advertise here,contact us