ഒമാനിൽ കനത്ത വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സ്കൂളുകളിലെ പ്രാഥമിക ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം നീട്ടി. കെജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓഗസ്റ്റ് 13 വ്യാഴാഴ്ച വരെ ഓൺലൈൻ വഴി ക്ലാസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. കടുത്ത ഉഷ്ണതരംഗത്തിൽ നിന്ന് വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ബോർഡ് ഓഫ് ഡയറക്ടേഴ്സ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
നേരത്തെ ഓഗസ്റ്റ് രണ്ട് മുതൽ ആറ് വരെയായിരുന്നു കുട്ടികൾക്ക് ഓൺലൈൻ അധ്യയനം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്നതിനാൽ കുട്ടികൾക്ക് ചൂടേൽക്കാതിരിക്കാൻ ഈ ക്രമീകരണം വ്യാഴാഴ്ച വരെ നീട്ടാൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 14, 15 തീയതികളിൽ വാരാന്ത്യ അവധിയായതിനാൽ ഓഗസ്റ്റ് 16 ഞായറാഴ്ച മുതലായിരിക്കും കുട്ടികൾ വീണ്ടും നേരിട്ട് സ്കൂളുകളിലേക്ക് എത്തിത്തുടങ്ങുക.
വേനൽക്കാലത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സാഹചര്യം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാം ക്ലാസ് മുതലുള്ള മുതിർന്ന വിദ്യാർത്ഥികൾക്ക് നിലവിൽ മറ്റ് തടസ്സങ്ങളില്ലാതെ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ തുടരുന്നുണ്ട്.
Content Highlights: Indian schools in Oman will continue online learning due to the prevailing intense summer heat. The arrangement is aimed at allowing students to continue their education while avoiding exposure to extreme temperatures.