യൂറോപ്യൻ സഞ്ചാരികളെ സുൽത്താനേറ്റിലേക്ക് ആകർഷിക്കാൻ ലണ്ടൻ നഗരത്തിൽ വൻ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം. ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഒമാന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 'ഒമാൻ വിഷൻ 2040' ലക്ഷ്യമിട്ടാണ് നീക്കം.
ലണ്ടൻ നഗരത്തിൽ സർവീസ് നടത്തുന്ന 100 ഡബിൾ ഡെക്കർ ബസുകളിലും 100 പ്രശസ്തമായ ബ്ലാക്ക് ടാക്സികളിലുമാണ് ഒമാൻ ടൂറിസത്തിന്റെ ആകർഷകമായ പരസ്യങ്ങൾ പതിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ തിരക്കേറിയ തെരുവുകളിൽ ഒമാൻ്റെ പാരമ്പര്യവും പ്രകൃതിഭംഗിയും വിളിച്ചോതുന്ന ചിത്രങ്ങൾ യുകെ നിവാസികളുടെയും അന്താരാഷ്ട്ര സഞ്ചാരികളുടെയും ശ്രദ്ധ കവരുകയാണ്.
സമ്പന്നമായ സാംസ്കാരിക പൈതൃകം, സാഹസിക വിനോദങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ എന്നിവയാണ് കാമ്പയിനിലൂടെ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. ബ്രിട്ടന് പുറമെ മറ്റ് മുൻനിര യൂറോപ്യൻ രാജ്യങ്ങളിലേക്കും സമാനമായ പ്രചാരണ പരിപാടികൾ വ്യാപിപ്പിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. വരും മാസങ്ങളിൽ യൂറോപ്പിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് ഒമാൻ ടൂറിസം മന്ത്രാലയത്തിന്റെ പ്രതീക്ഷ.
Content Highlights: Oman has kicked off a large-scale promotional campaign in London aimed at attracting more European tourists. The initiative is part of the country's strategy to strengthen its tourism sector and increase international visitor arrivals.