വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ; തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസം സൗജന്യ വിസ

സൗജന്യ വിസയ്ക്ക് അർഹതയുള്ള രാജ്യങ്ങളുടെ പട്ടിക അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല

വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകാൻ പുതിയ വിസ നിയമങ്ങളുമായി ഒമാൻ. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ പൗരന്മാർക്കായി 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട ഭേദഗതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

പുതിയ ചട്ടപ്രകാരം, യോഗ്യരായ രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസത്തെ ടൂറിസ്റ്റ് വിസ പൂർണ്ണമായും സൗജന്യമായി നൽകും. ഈ വിസ കാലാവധി തീരുന്നതിന് മുമ്പ് തന്നെ, ആവശ്യമായ ഫീസും രേഖകളും നൽകി മറ്റ് ടൂറിസ്റ്റ് വിസ കാറ്റഗറികളിലേക്ക് മാറ്റാനും സന്ദർശകർക്ക് സാധിക്കും. സൗജന്യ വിസയ്ക്ക് അർഹതയുള്ള രാജ്യങ്ങളുടെ പട്ടിക അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. യോഗ്യരായ രാജ്യങ്ങളുടെ വിവരങ്ങൾ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി പുറപ്പെടുവിക്കും.

റോയൽ ഒമാൻ പൊലീസ് ഐജി ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മുഹ്സിൻ അൽ ഷ്രൈഖി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഹ്രസ്വകാല സന്ദർശനങ്ങൾ എളുപ്പമാക്കാനും രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം.

അറേബ്യൻ പാരമ്പര്യ തനിമയും മനോഹരമായ പ്രകൃതിദൃശ്യങ്ങളുമുള്ള ഒമാനിലേക്ക് പ്രതിവർഷം ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. നിലവിൽ ഹജർ പർവ്വതനിരകൾക്കും വേനൽക്കാല കൊടുംചൂടിൽ കുളിർമ നൽകുന്ന ധോഫാറിലെ സലാല 'ഖരീഫ്' സീസണിനും വലിയ ജനപ്രീതിയാണുള്ളത്. ജൂൺ 21-ന് ആരംഭിച്ച ഈ വർഷത്തെ ഖരീഫ് മാസം സെപ്റ്റംബർ 21 വരെ നീണ്ടുനിൽക്കും. ഇതിനോടനുബന്ധിച്ച് 125-ഓളം സാംസ്കാരിക, കായിക, വിനോദ പരിപാടികളാണ് ദോഫാർ മുൻസിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സന്ദർശകർക്ക് ഒമാനിലേക്കുള്ള പ്രവേശന നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി.

Content Highlights: Oman is offering a 14-day free visa facility to citizens of selected countries to promote tourism and attract more international visitors. The initiative is aimed at making travel easier and strengthening the country's tourism sector.

To advertise here,contact us