ഒമാനിൽ ശിശുക്കൾക്കും ചെറിയ കുട്ടികൾക്കുമായി തയ്യാറാക്കുന്ന ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കും പുതിയ നിയന്ത്രണമേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ. ഇനി മുതൽ ഇത്തരം ഉത്പ്പന്നങ്ങൾ സോഷ്യൽ മീഡിയയിലോ മറ്റ് പരമ്പരാഗത മാധ്യമങ്ങളിലോ പരസ്യം ചെയ്യുന്നതിനും പ്രമോട്ട് ചെയ്യുന്നതിനും മുൻപായി സ്ഥാപനത്തിന്റെ മുൻകൂർ അനുമതി വാങ്ങുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
ഭക്ഷ്യ കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ എന്നിവർക്ക് പുറമേ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ തുടങ്ങി ശിശു ഭക്ഷണത്തിന്റെ പ്രചാരണത്തിൽ പങ്കാളികളാകുന്ന എല്ലാവർക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്. കുഞ്ഞുങ്ങൾക്കായി പ്രത്യേകം വിപണിയിലെത്തിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, ഇൻഫന്റ് ഫുഡ് തുടങ്ങിയ വിവിധ ഭക്ഷ്യവസ്തുക്കളുടെ പ്രൊമോഷനുകൾ പ്രക്ഷേപണം ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നതിന് മുമ്പായി കൃത്യമായി അനുമതി തേടേണ്ടതുണ്ട്.
ഒമാനിലെ ഫുഡ് സേഫ്റ്റി നിയമത്തിന്റെയും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ രജിസ്ട്രേഷനും പരസ്യ പ്രചാരണവും സംബന്ധിച്ച 2024-ലെ മന്ത്രാലയ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഒമാനി സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻസ് അനുസരിച്ചുള്ള ഈ കർശന നടപടി. പരസ്യങ്ങൾ നൽകാനുള്ള അനുമതി ലഭിക്കുന്നതിനായി Food.approval@mafwr.gov.om എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കാമെന്നും ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: The Oman Food Safety Center has issued new regulations to control advertisements targeting children's food products. The move aims to encourage healthier dietary choices among children and strengthen consumer protection.