സോഷ്യല്‍ മീഡിയ വഴി യുവതിക്ക് നേരെ അശ്ലീല സന്ദേശം; യുവാവിനെ നാടുകടത്താൻ ഉത്തരവിട്ട് ഒമാന്‍ കോടതി

സുവൈഖ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് അലി ബയൂമിയെന്ന യുവാവിന് ശിക്ഷ വിധിച്ചത്

സോഷ്യല്‍ മീഡിയ വഴി യുവതിക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവിനെ നാടുകടത്താന്‍ ഉത്തരവിട്ട് ഒമാന്‍ കോടതി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി യുവതിക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചതും സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

സുവൈഖ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് അലി ബയൂമിയെന്ന യുവാവിന് ശിക്ഷ വിധിച്ചത്. ആറ് മാസം തടവ് ശിക്ഷയും 500 ഒമാനി റിയാല്‍ പിഴയും നാടുകടത്തലും ആണ് കോടതി വിധിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച രണ്ടാമത്തെ കുറ്റത്തിന് മൂന്ന് മാസം തടവും 100 ഒമാനി റിയാല്‍ പിഴയുമാണ് ശിക്ഷ.

ഇതില്‍ കഠിനമായ ശിക്ഷ നടപ്പാക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ഒമാനില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇയാള്‍ സ്ത്രീയുടെ അന്തസിന് കളങ്കം വരുത്തുകയും പൊതു ധാര്‍മികതക്കും സാമൂഹിക മൂല്യങ്ങള്‍ക്കും നിരക്കാത്തതുമായ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചതും അന്വേഷണത്തില്‍ പ്രോസിക്യൂഷന് വ്യക്തമായി. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആളുകളെ ബോധവല്‍ക്കരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Content Highlights: Oman court ordered the deportation of a man convicted of sending obscene messages to a woman through social media.

To advertise here,contact us