പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ്; ഒമാനിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിച്ച് അംബാസഡർ പ്രശാന്ത് പിസെ

പ്രവാസികൾ ഉന്നയിച്ച ഓരോ വിഷയങ്ങളും അംബാസഡറും എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം വിശദമായി കേട്ടു മനസ്സിലാക്കി

മസ്കറ്റിലെ ഇന്ത്യൻ പൗരന്മാരുമായി കുടിക്കാഴ്ച നടത്തി ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ. കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങളും ആശങ്കകളും ചർച്ചയായി. മസ്കറ്റിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ വെച്ച് നടന്ന 'ഓപ്പൺ ഹൗസ്' പരിപാടിയിലാണ് അദ്ദേഹം പ്രവാസി സമൂഹവുമായി സംവദിച്ചത്. ഒമാനിലെ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ അടുത്തിടെ ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഓപ്പൺ ഹൗസ് കൂടിയായിരുന്നു ഇത്.

തങ്ങളുടെ പരാതികൾ നേരിട്ട് ബോധിപ്പിക്കാനും കോൺസുലാർ സഹായങ്ങൾ തേടാനുമുള്ള മികച്ചൊരു വേദിയായി ഈ ഒത്തുചേരലിനെ പ്രവാസികൾ പ്രയോജനപ്പെടുത്തണമെന്ന് അംബാസഡർ അഭ്യർത്ഥിച്ചു. പരിപാടിയിൽ പങ്കെടുത്ത പ്രവാസി പ്രതിനിധികളും സാധാരണക്കാരായ പൗരന്മാരും അംബാസഡറുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി. അടിയന്തരമായി തുടർനടപടികൾ ആവശ്യമായ നിരവധി പ്രവാസി പ്രശ്നങ്ങളാണ് ചർച്ചയിൽ ഉയർന്നുവന്നത്.

പ്രവാസികൾ ഉന്നയിച്ച ഓരോ വിഷയങ്ങളും അംബാസഡറും എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം വിശദമായി കേട്ടു മനസ്സിലാക്കി. ഓരോ കേസും പ്രത്യേകം പരിശോധിക്കുമെന്നും അവയ്ക്ക് എത്രയും വേഗം കൃത്യമായ പരിഹാരം കാണുന്നതിനായി എംബസി സജീവമായി ഇടപെടുമെന്നും അദ്ദേഹം പ്രവാസികൾക്ക് ഉറപ്പ് നൽകി.

Content Highlights: The Indian Ambassador to Oman interacted with members of the Indian expatriate community, assuring them that efforts would be made to resolve their grievances and improve consular support.

To advertise here,contact us