മരുഭൂമിയുടെ ചൂടിൽ നിന്ന് ഒമാന്റെ ദോഫാർ പ്രവിശ്യയെ പച്ചപ്പണിയിച്ചുകൊണ്ട് 'ഖരീഫ്' (മൺസൂൺ) സീസൺ തുടരുകയാണ്. ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയാണ് ഖരീഫ് സീസൺ ആസ്വദിക്കാൻ കഴിയുക. സലാലയിലും പരിസര പ്രദേശങ്ങളിലും തുടർച്ചയായ ദിവസങ്ങളിൽ പെയ്യുന്ന നേരിയ മഴ ചൂടിന് വലിയ ശമനമാണ് നൽകിയിരിക്കുന്നത്. വെള്ളച്ചാട്ടങ്ങളും പച്ചപ്പുനിറഞ്ഞ മലനിരകളും മൂടൽമഞ്ഞും ആസ്വദിക്കാൻ ലോകമെമ്പാടുമുള്ള സഞ്ചാരികൾ ഇങ്ങോട്ടേക്ക് ഒഴുകിയെത്തുകയാണ്. ഖരീഫ് സീസണിൽ വിനോദ സഞ്ചാരികൾക്ക് ഉണർവേകുന്ന സലാലയിലെ കിഴക്കൻ, മധ്യ, പടിഞ്ഞാറൻ മേഖലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം.
കിഴക്കൻ മേഖല: താഖയും മിർബാത്തും
പ്രകൃതിഭംഗിയും ചരിത്രവും ഒരുപോലെ ഒത്തുചേരുന്ന ഇടങ്ങളാണ് താഖയും മിർബാത്തും ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യ. ഖരീഫ് കാലത്ത് സജീവമാകുന്ന നീരുറവകളും വെള്ളച്ചാട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ മിർബാത്ത് ബീച്ചും ഏറെ പ്രിയപ്പെട്ടവയാണ്. ഒമാന്റെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള താഖാ കോട്ടയും സംഹുറാം പുരാവസ്തു പാർക്കും ചരിത്രപ്രേമികളെ ആകർഷിക്കുന്നവയാണ്.
മധ്യമേഖല: സലാലയുടെ ഹൃദയഭൂമി
സലാല നഗരത്തോട് ചേർന്നുകിടക്കുന്ന മധ്യമേഖലയാണ് ഖരീഫ് ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം. കുടുംബങ്ങളുമായി എത്തുന്നവർക്ക് ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാവുന്ന നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്. പ്രകൃതിരമണീയമായ നീരുറവകൾ ഇവിടെ ഖരീഫ് കാലത്ത് സജീവമാകും. മഞ്ഞുമൂടിയ കുന്നുകളും താഴ്വരകളും കാണാൻ ജബൽ ഇത്തീൻ, ജബൽ ഷാഇർ, ജബൽ ജർജീബ് എന്നിവിടങ്ങളിലേക്ക് പോകാം.
പടിഞ്ഞാറൻ മേഖല: കടലും മലയും ചേരുന്ന വിസ്മയം
സാഹസിക യാത്രകളും മനോഹരമായ കടൽത്തീരങ്ങളും ഇഷ്ടപ്പെടുന്നവർ തീർച്ചയായും സലാലയുടെ പടിഞ്ഞാറൻ മേഖല സന്ദർശിക്കണം. ഫോർ വീൽ വാഹനങ്ങളിൽ മാത്രം പോകാൻ കഴിയുന്ന ഐൻ ഖോർ വെള്ളച്ചാട്ടം ഇവിടുത്തെ പ്രധാന ആകർഷണമാണ്.
കൂടാതെ ഒമാൻ-യമൻ അതിർത്തിയോട് ചേർന്നുള്ള സർഫൈത് എന്ന സ്ഥലം മലയോര പാതകൾക്കും മനോഹരമായ കടൽക്കാഴ്ചകൾക്കും പേരുകേട്ടതാണ്. ഫോട്ടോഗ്രാഫർമാർക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവമായിരിക്കും ഈ പടിഞ്ഞാറൻ സലാല യാത്ര സമ്മാനിക്കുക.
Content Highlights: Explore Salalah’s top Khareef season destinations in Oman, including lush mountains, waterfalls, and coastal views that attract tourists during the monsoon season.