സലാലയിലേക്ക് സുരക്ഷിതമായി പോകാം; സഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രത്യേക ഫോഴ്‌സിനെ നിയോഗിച്ച് ഒമാൻ

ദോഫാറിലേക്കുള്ള പ്രധാന പാതകളിൽ സഞ്ചാരികൾക്ക് പെട്ടെന്ന് സഹായം ലഭ്യമാകുന്നതിനായി അത്യാധുനിക എമർജൻസി പോയിന്റുകളും അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്

ഒമാനിലെ പ്രശസ്തമായ സലാല ഖരീഫ് സീസണിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി പ്രത്യേക ഫോഴ്‌സിനെ നിയോഗിച്ച് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി. ഇതിന്റെ ഭാഗമായി മസ്കറ്റിലെ സിവിൽ ഡിഫൻസ് ആസ്ഥാനത്ത് നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും അത്യാധുനിക ഉപകരണങ്ങളും രക്ഷാപ്രവർത്തന വാഹനങ്ങളും അടങ്ങുന്ന ആദ്യ സംഘം ദോഫാർ ഗവർണറേറ്റിലേക്ക് തിരിച്ചു.

തീപിടിത്തം തടയൽ, ലാൻഡ് റെസ്ക്യൂ (കരയിലെ രക്ഷാപ്രവർത്തനം), വാട്ടർ റെസ്ക്യൂ (വെള്ളത്തിലെ രക്ഷാപ്രവർത്തനം), ആംബുലൻസ് സർവീസ് എന്നിവയിൽ വിദഗ്ധരായ ഉദ്യോഗസ്ഥരാണ് ഈ പ്രത്യേക ഫോഴ്‌സിലുള്ളത്. ഖരീഫ് സീസണിൽ സലാലയിലേക്ക് ഒഴുക്കുള്ള വെള്ളച്ചാട്ടങ്ങളും പച്ചപ്പുനിറഞ്ഞ മലനിരകളും കാണാൻ ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ മുൻകരുതൽ.

ദോഫാറിലേക്കുള്ള പ്രധാന പാതകളിൽ സഞ്ചാരികൾക്ക് പെട്ടെന്ന് സഹായം ലഭ്യമാകുന്നതിനായി അത്യാധുനിക എമർജൻസി പോയിന്റുകളും അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തവണ കൂടുതൽ മേഖലകളിലേക്ക് രക്ഷാസേനയുടെ സേവനം വ്യാപിപ്പിച്ചതായും അധികൃതർ അറിയിച്ചു. സൗത്ത് ശർഖിയ ഗവർണറേറ്റിലെ അൽ അഷ്ഖറ, അൽ വുസ്തയിലെ അൽ ജാസിർ, ദോഫാറിലെ ഷഹാബ് അസൈബ്, ഹാരിത് എന്നീ മേഖലകളിലാണ് പുതുതായി സേവനം ലഭ്യമാക്കിയിട്ടുള്ളത്. സലാലയിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നവർ വേഗത പരിധി പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

Content Highlights: Oman has announced the deployment of a special security force to protect tourists visiting Salalah. The move is intended to enhance safety and ensure a smooth travel experience for visitors during the season.

To advertise here,contact us