കുവൈറ്റിന് പിന്നാലെ ഒമാനിലും പ്രവാസികൾക്ക് തിരിച്ചടി; പാസ്പോർട്ട്, വിസ സേവന നിരക്ക് ഉയർത്തി

നേരത്തെ കുവൈറ്റിലും ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടിയായി പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിരുന്നു

ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, അനുബന്ധ കോൺസുലർ സേവനങ്ങൾ എന്നിവയ്ക്കുള്ള നിരക്കുകൾ വർദ്ധിപ്പിച്ചു. ഇന്ത്യൻ ഗവൺമെന്റ് പാസ്‌പോർട്ട് നിരക്കുകൾ പുതുക്കിയതിനെ തുടർന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസിയാണ് പുതിയ നിരക്കുകൾ പുറത്തുവിട്ടത്. 2026 ജൂലൈ ഒന്ന് മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. പാസ്‌പോർട്ട് വിതരണം, പുതുക്കൽ, തത്കാൽ സേവനങ്ങൾ, എമർജൻസി യാത്രാ രേഖകൾ, പാസ്‌പോർട്ടുമായി ബന്ധപ്പെട്ട മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയ്‌ക്കെല്ലാം ഈ പുതുക്കിയ നിരക്കുകൾ ബാധകമായിരിക്കും.

പുതിയ നിരക്കുകൾ പ്രകാരം, സാധാരണ 36 പേജുള്ള പാസ്‌പോർട്ട് പുതുക്കുന്നതിനോ വീണ്ടും നൽകുന്നതിനോ 53.750 ഒമാനി റിയാൽ ആയിരിക്കും ചെലവ്. 60 പേജുള്ള വലിയ പാസ്‌പോർട്ടിന് 72.600 ഒമാനി റിയാൽ നൽകണം. ഈ നിരക്കുകളിൽ പാസ്‌പോർട്ട് ചാർജ്, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വിഹിതം, ഇന്ത്യൻ കമ്മ്യൂണിറ്റി അസിസ്റ്റൻസ് സെന്റർ വഴിയുള്ള സർവീസ് ചാർജ് എന്നിവ ഉൾപ്പെടുന്നുണ്ട്.

അടിയന്തരമായി പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള തത്കാൽ സേവനം ഉപയോഗിക്കുന്നവർ 36 പേജിന്റെ പാസ്‌പോർട്ടിന് 100.700 ഒമാനി റിയാലും 60 പേജിന്റെ പാസ്‌പോർട്ടിന് 119.500 ഒമാനി റിയാലും അടയ്ക്കണം. സാധാരണ കാറ്റഗറിയിൽ പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്തവർക്ക് പുതിയത് ലഭിക്കുന്നതിനും ഇതേ നിരക്കുകൾ തന്നെയാണ് ബാധകമാകുക. കുട്ടികളുടെ പാസ്‌പോർട്ട്, എമർജൻസി യാത്രാ രേഖകൾ എന്നിവയുടെ നിരക്കിലും വർദ്ധനവുണ്ട്.

പുതിയ നിരക്കുകൾ പ്രകാരം എമർജൻസി സർട്ടിഫിക്കറ്റിന് 12.500 ഒമാനി റിയാലും ഐഡന്റിറ്റി സർട്ടിഫിക്കറ്റിന് 25.600 ഒമാനി റിയാലും നൽകണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സറണ്ടർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് 21.800 ഒമാനി റിയാലാണ് പുതുക്കിയ നിരക്ക്. ജൂലൈ ഒന്ന് മുതലോ അതിനുശേഷമോ സമർപ്പിക്കുന്ന എല്ലാ അപേക്ഷകൾക്കും ഈ നിരക്കുകൾ ബാധകമാകുമെന്ന് എംബസി വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ കമ്മ്യൂണിറ്റി അസിസ്റ്റൻസ് സെന്റർ വഴി നൽകുന്ന ഫോം പൂരിപ്പിക്കൽ, ഫോട്ടോസ്റ്റാറ്റ്, ഫോട്ടോ എടുക്കൽ, കൊറിയർ ഡെലിവറി തുടങ്ങിയ സേവനങ്ങൾ യാത്രക്കാർക്ക് അധിക ചിലവില്ലാതെ തുടർന്നും ലഭിക്കുമെന്നും എംബസി അറിയിച്ചു. ഇന്ത്യയ്ക്കകത്തും വിദേശത്തുള്ള ഇന്ത്യൻ എംബസികളിലും പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചതിന്റെ ഭാഗമായാണ് ഒമാനിലും നിരക്കിൽ മാറ്റം വരുത്തിയത്.

നേരത്തെ കുവൈറ്റിലും ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടിയായി പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിരുന്നു. നിലവിലെ സേവന ദാതാക്കൾക്ക് പകരമായി ജൂലൈ ഒന്നു മുതൽ ചുമതലയേൽക്കുന്ന 'ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ' എന്ന കമ്പനിയാണ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ പുതിയ നിരക്കുകൾ പുറത്തുവിട്ടത്. പല സേവനങ്ങൾക്കും നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം തുക നൽകേണ്ടി വരുമെന്നത് സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറും.

Content Highlights: Expatriates in Oman will have to pay higher charges for passport, visa, and related consular services after revised service fees came into effect. The increase follows a similar fee revision recently introduced in Kuwait.

To advertise here,contact us