പ്ലാസ്റ്റിക് നിരോധനം കടുപ്പിക്കാൻ ഒമാൻ; വസ്ത്ര-ആഭരണ ശാലകൾക്കും പുതിയ നിയന്ത്രണം ബാധകം

പരിസ്ഥിതി മലിനീകരണം പരമാവധി കുറയ്ക്കുകയാണ് പ്ലാസ്റ്റിക് നിരോധനത്തിലൂടെ ഒമാൻ ലക്ഷ്യമിടുന്നത്.

ഒമാനിൽ പരിസ്ഥിതി സംരക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു. പ്ലാസ്റ്റിക് വിമുക്ത രാജ്യമെന്ന ലക്ഷ്യത്തിലേക്കുള്ള അഞ്ചാം ഘട്ട നിരോധനമാണ് വരും ദിവസങ്ങളിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. പൊതു-സ്വകാര്യ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി പൂർണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി അതോറിറ്റി ഈ നിർണ്ണായക നീക്കം നടത്തുന്നത്.

സുൽത്താനേറ്റിന്റെ ദീർഘകാല വികസന പദ്ധതിയായ 'ഒമാൻ വിഷൻ-2040' മുന്നോട്ട് വെക്കുന്ന പരിസ്ഥിതി സൗഹൃദ നയങ്ങളുടെ ഭാഗമായാണ് ഈ നടപടി. മുൻപ് സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പുറമെയാണ് ഇപ്പോൾ കൂടുതൽ വാണിജ്യ മേഖലകളിലേക്ക് കൂടി ഈ നിരോധനം നീട്ടുന്നത്. പരിസ്ഥിതി മലിനീകരണം പരമാവധി കുറയ്ക്കുകയാണ് ഈ ഘട്ടത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.

പുതിയ ഉത്തരവ് പ്രകാരം ജൂലൈ ഒന്നു മുതൽ ടെക്സ്റ്റൈൽസ്, ആഭരണ ശാലകൾ, ഫർണിച്ചർ കടകൾ, കാർ കെയർ സെന്ററുകൾ, വാഹന ഷോറൂമുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പൂർണ്ണ വിലക്കുണ്ടാകും. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം കടലാസ്, തുണി, കാർഡ്ബോർഡ് അല്ലെങ്കിൽ എളുപ്പത്തിൽ മണ്ണിൽ ലയിക്കുന്നതും പുനരുപയോഗിക്കാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കാൻ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

Content Highlights: Oman has strengthened its regulations on single-use plastics by extending the restrictions to clothing and jewellery stores. The move is aimed at reducing plastic waste, encouraging sustainable alternatives, and supporting the country's environmental conservation goals.

To advertise here,contact us