പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ കത്തിനശിച്ചതിനെ തുടർന്ന് കഴിഞ്ഞ 15 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ഒമാനിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനി ഹസർ നിഷ ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. വെള്ളിയാഴ്ച പുലർച്ചെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഹസർ നിഷയെ ബന്ധുക്കളും തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകരും ചേർന്ന് വൈകാരികമായി സ്വീകരിച്ചു.
ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഹസർ നിഷ തന്റെ കുടുംബത്തെ കൺനിറയെ കാണുന്നത്. ഇവരുടെ വൃദ്ധയായ മാതാവും മകളും മകനും വർഷങ്ങളായി നടത്തിവന്ന കാത്തിരിപ്പിനാണ് ഇതോടെ ശുഭപര്യവസാനമുണ്ടായത്. 15 വർഷം മുൻപ് വീട്ടുജോലിക്കായി ഒമാനിൽ എത്തിയതായിരുന്നു ഹസർ നിഷ. എന്നാൽ താമസസ്ഥലത്തുണ്ടായ അപകടത്തിൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ കത്തിനശിച്ചു. താൻ ഇൻഡ്യാക്കാരിയാണെന്ന് നിയമപരമായി തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായതും ദുരിതത്തിലായതും.
ഇവരുടെ ദയനീയാവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ വാർത്തയായതിനെ തുടർന്ന് മസ്കറ്റിലെ റൂവി കെഎംസിസി വിഷയത്തിൽ ഇടപെടുകയായിരുന്നു. കെഎംസിസി പ്രവർത്തകരുടെ നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് ഇവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ഔദ്യോഗിക യാത്രാ അനുമതി (ഔട്ട് പാസ്സ്) ലഭ്യമാക്കിയത്. ഇതിനിടെ ടി.വി.കെ പ്രവർത്തകരുടെ അഭ്യർത്ഥനപ്രകാരം പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് വിഷയത്തിൽ ഇടപെട്ടതോടെയാണ് നയതന്ത്ര നടപടികൾ കൂടുതൽ വേഗത്തിലായത്.
റൂവി കെഎംസിസി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠാപുരത്തിന്റെ നേതൃത്വത്തിൽ അമീർ കാവന്നൂർ, താജുദ്ധീൻ കണ്ണപുരം, ഹമീദ് മലപ്പുറം, ഷാനവാസ് പാലക്കാട്, അഫ്വാ കുറ്റിച്ചിറ എന്നിവരാണ് ഹസർ നിഷയെ നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടിക്രമങ്ങൾക്ക് ഒമാനിൽ നേതൃത്വം നൽകിയത്.
Content Highlights: Hazar Nisha, originally from Tamil Nadu, has returned to India after being stuck in Oman for 15 years. She reportedly lost her personal documents in a fire, which left her unable to travel back home. After long legal and humanitarian efforts, she has now been safely repatriated to her family.