പ്രവാസികൾക്ക് ആശ്വാസം; മസ്‌കറ്റില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസുകൾ പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ എക്‌സപ്രസ്

യാത്രാ പ്രതിസന്ധി മൂലം പ്രവാസികള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് പുനരാരംഭിക്കുന്നത്

പ്രവാസികള്‍ക്ക് ആശ്വാസമായി മസ്‌കറ്റില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് പുനരാരംഭിക്കുന്നു. ഈ മാസം അഞ്ച് മുതല്‍ 30 വരെയുള്ള പുതിയ ഷെഡ്യൂളിലാണ് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുളള സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ പുതിയ ഷെഡ്യൂകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

യാത്രാ പ്രതിസന്ധി മൂലം പ്രവാസികള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് പുനരാരംഭിക്കുന്നത്. തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11:25നാണ് മസ്‌ക്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്. പുലര്‍ച്ചെ 4.55 ന് വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരും.

തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കണ്ണൂര്‍ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രാത്രി 8.10 ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 1:20നാകും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുക. മുംബൈ, ഡല്‍ഹി, സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ നിലവിലുള്ളതുപോലെ തുടരുമെന്നും എയര്‍ ഇന്ത്യ എക്‌സപ്രസ് അറിയിച്ചു. എന്നാല്‍ കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് മലബാറിലെയും മധ്യകേരളത്തിലെയും പ്രവാസികളെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന നടപടിയാണ്.

ഈ റൂട്ടുകളിലെ സര്‍വീസുകള്‍ റദ്ദാക്കിയത് മൂലം യാത്രക്കാര്‍ വലിയ രീതിയില്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. 10 ദിവസം മുന്‍പാണ് മസ്‌കറ്റില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കൂട്ടത്തോടെ റദ്ദാക്കിയത്. ഇതിനെതിരെ പ്രവാസി സംഘടനകളില്‍ നിന്നും യാത്രക്കാരില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നിലവിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.

Content Highlights: Air India Express is set to resume flight services from Muscat to Kerala, offering relief to expatriates and boosting travel connectivity.

To advertise here,contact us