ഒമാനിലെ മരുഭൂമിയിൽ നൂറുമേനി വിളവുമായി മലയാളി വീട്ടമ്മ; മസ്കറ്റ് ന​ഗരത്തിൽ പച്ചക്കറിതോട്ടം

വൈവിധ്യമാര്‍ന്ന പച്ചക്കറികളും ഫലവര്‍ഗങ്ങളും കൊണ്ട് വീടിനു ചുറ്റും ഒരു കൊച്ചു കേരളം തന്നെ തീര്‍ത്തിരിക്കുകയാണ് ഇവര്‍.

ഒമാനിലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ സ്വന്തം വീട്ടുമുറ്റത്ത് നൂറുമേനി വിളവ് വിളയിച്ച ഒരു മലയാളി വീട്ടമ്മയുണ്ട്. ഈ വനിതാ ദിനത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാവുകയാവുകയാണ് തൃശൂര്‍ സ്വദേശിനി സുനിയുടെ കഠിനാധ്വാനം. ഭര്‍ത്താവിന്റെയും കുട്ടികകളുടെയും സഹായത്തോടെയാണ് വ്യത്യസ്തമാര്‍ന്ന ഈ പച്ചക്കറി തോട്ടം ഒരുക്കിയിരിക്കുന്നത്. ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറിയും പഴ വര്‍ഗ്ഗങ്ങളും ഇവര്‍ക്ക് ഈ തോട്ടത്തില്‍ നിന്ന് തന്നെ ലഭിക്കുന്നു.

‌ഒമാന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നീരുറവകളെ ആശ്രയിച്ച് കൃഷി നടക്കാറുണ്ടെങ്കിലും മസ്‌കറ്റ് നഗരത്തിന്റെ ഹൃദയഭാഗത്ത് പച്ചപ്പൊരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ എല്ലാ പരിമിതികളെയും മറികടന്ന് സ്വന്തം വീടിന്റെ മുറ്റത്തും പറമ്പിലും കൃഷിയില്‍ വിസ്മയം തീര്‍ക്കുകയാണ് തൃശ്ശൂര്‍ സ്വദേശിനി സുനി. സഹായത്തിനായി ഭര്‍ത്താവ് ശ്യാമും ഒപ്പം മക്കളുമുണ്ട്. ശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കിയ ഈ കൃഷിയിടത്തില്‍ ഇപ്പോള്‍ അമ്പതോളം ശുദ്ധമായ പച്ചക്കറി വിഭവങ്ങള്‍ ഉണ്ട്.

വൈവിധ്യമാര്‍ന്ന പച്ചക്കറികളും ഫലവര്‍ഗങ്ങളും കൊണ്ട് വീടിനു ചുറ്റും ഒരു കൊച്ചു കേരളം തന്നെ തീര്‍ത്തിരിക്കുകയാണ് ഇവര്‍. അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികളും പഴങ്ങളും മണലാരണ്യത്തിലും വിളയിച്ചെടുക്കാം എന്ന് തെളിയിക്കുകയാണ് ഈ കുടുംബം.

കേരളത്തില്‍ കമ്പ്യൂട്ടര്‍ അധ്യാപികയായിരുന്ന സുനി നാട്ടില്‍ നിന്ന് ഒമാനില്‍ എത്തിയതിന് പിന്നാലെയാണ് പച്ചക്കറി തോട്ടത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഒടുവില്‍ അത് വലിയ വിജയമായി തീരുകയും ചെയ്തു. മസ്‌കറ്റ് ബ്രിട്ടീഷ് സ്‌കൂളില്‍ ട്രെയിനറായ ഭര്‍ത്താവ് ശ്യാമും മക്കളും ഒഴുവു സമയങ്ങളില്‍ കൃഷിത്തോട്ടത്തില്‍ സജീവമാണ്.

കാര്‍ഷിക വൃത്തിയും കൃഷി ഭൂമിയും കാലഹരണപ്പെടുന്ന ഇക്കാലത്ത് പുതിയ തലമുറയ്ക്ക് കൂടി മാതൃകയാവുകയാണ് ഈ കൃഷിത്തോട്ടം. ഷാര്‍ജ മലയാളി അസോസിയേഷന്റെയും കേരളത്തിലെ കര്‍ഷക കൂട്ടായ്മയായ ഹോപ്പിന്റെയും അടക്കം നിരവധി അംഗീകാരങ്ങളും ഇതിനകം ഈ കുടുംബത്തെ തേടിയെത്തിയിട്ടുണ്ട്.

Content Highlights: A Malayali housewife in Muscat has turned part of the desert landscape into a thriving vegetable garden, producing abundant crops and inspiring the expatriate community.

To advertise here,contact us