ഒമാനില്‍ ആരോഗ്യമേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന. 2025ല്‍ ഒമാനൈസേഷന്‍ നിരക്ക് 71.4 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ കുടതല്‍ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ആരോഗ്യ മന്ത്രാലയം.
ഒമാനില്‍ ഓരോ വര്‍ഷവും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുന്നതായാണ് പുതിയ സ്ഥിതി വിവരക്കരണക്കുകള് വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒമാനൈസേഷനില് 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ദ്ധിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ വ്യാപനവും പുതിയ സൗകര്യങ്ങളുടെ ആരംഭവുമാണ് ഈ വര്‍ധനവിന് കാരണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നഴ്സിംഗ്, മെഡിക്കല്‍ സപ്പോര്‍ട്ട് പോലുള്ള മേഖലകളിലാണ് സ്വദേശികള്‍ കൂടുതലായി എത്തുന്നത്. അതിനിടെ പ്രത്യേക വൈദഗ്ധ്യം ആവശ്യമായ മേഖലകളില്‍ പ്രവാസികളെ തന്നെയാണ് ആശ്രയിക്കുന്നത്. ഘട്ടം ഘട്ടമായി ആരോഗ്യ മേഖലയില്‍ സ്വദശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
മലയാളികള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്നതിന് ഇതു കാരണമാകും. ഒമാനൈസേഷന്റെ ഭാഗമായി നേരത്തെയും നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലും വലിയ വികസനം ഉണ്ടായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ 11 പദ്ധതികള്‍ പൂര്‍ത്തിയായി.
സെന്‍ട്രല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, ഖസബ് റഫറല്‍ ആശുപത്രി, അല്‍-സുവൈഖ് ആശുപത്രി എന്നിവയുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കി. ആരോഗ്യ മേഖലയിലെ വികസന പ്രവര്‍ത്തന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും ആരോഗ്യമന്ത്രായം അറിയിച്ചു.
Content Highlights: