റമദാൻ വ്രതാരംഭത്തിന് തുടക്കം കുറിച്ച് ഗൾഫ് രാജ്യമായ ഒമാൻ. പള്ളികളിൽ നമസ്കാരത്തിന് ശേഷവും ഖുർആൻ പാരായണങ്ങളിൽ മുഴുകി സ്വദേശികളും വിദേശികളും പങ്കെടുത്തു. ഗൾഫിലെ എല്ലാ രാജ്യങ്ങളിലും റമദാൻ വൃതം ഇന്നലെ ആരംഭിച്ചെങ്കിലും ഒമാനിൽ റമദാൻ ഒന്ന് ഇന്നായിരുന്നു.
നഗരത്തിലെ മിക്കവാറും പള്ളികളിൽ പതിവിനുമേൽ തിരക്കുണ്ടായിരുന്നു. നമസ്കാരത്തിന് ശേഷവും പള്ളികളിൽ തന്നെ ഇരുന്ന് ഖുർആൻ പാരായണം ചെയ്യുന്നവരും നിരവധിയായിരുന്നു. ഹോട്ടലുകളും റസ്റ്റോറന്റുകളും മത്സരിച്ചാണ് നോമ്പുതുറക്കുള്ള ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്നത്.
മസ്കത്തിലെ ഇഫ്താർ വിഭവങ്ങൾ എന്നും വടക്കൻ കേരളത്തിന്റെ കുത്തകയാണ്. പ്രത്യേകിച്ച് തലശ്ശേരി കോഴിക്കോട് വിഭവങ്ങൾക്കാണ് പ്രിയം ഏറെയും. ഓരോ നോമ്പ് തുറക്കും ദിവസേന 30ഉം 40ഉം അതിലധികം വിഭവങ്ങൾ ഒരുക്കുന്ന റസ്റ്റോറന്റുകളും ഉണ്ട്.
കൂടാതെ വഴിയോരങ്ങളിലുള്ള കച്ചവടവും തകൃതിയായി നടക്കുന്നു. നോയമ്പ് കാലത്ത് സാധാരണ വീടുകളിൽ ഭക്ഷണം ഉണ്ടാക്കുന്ന പലരും പതിവ് തെറ്റിച്ച് ഹോട്ടലുകളെയാണ് അഭയം പ്രാപിക്കുന്നത്. ഇനിയുള്ള വൈകുന്നേരങ്ങൾ ഇഫ്താർ പാർട്ടികളുടെ ഒരു മേള തന്നെ ആയിരിക്കും മസ്കത്തിൽ നടക്കുക.
നൂറുകണക്കിന് സംഘടനകൾ ഉള്ള മസ്കത്തിൽ, ഏതൊരു സംഘടനയ്ക്കും ഇഫ്താർ പാർട്ടികൾ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ്. ബാങ്ക് വിളിക്കുന്ന സമയമെത്തിയാൽ പിന്നെ വഴിയരികളിലും പാർക്കിലും മരച്ചുവട്ടിലുംഎല്ലാം തന്നെ പല രാജ്യക്കാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും റമദാൻ മാസത്തിലെ സാധാരണ കാഴ്ചകളിൽ ഒന്നു മാത്രമാണ്.
Content Highlights: Oman has marked the start of Ramadan, with mosques across the country crowded with worshippers. The holy month began on Thursday, February 19, 2026, as announced by the Main Committee for Moon Sighting, after the crescent moon was not sighted on Tuesday, February 17.