വാഹനങ്ങളുടെ അറ്റകുറ്റപ്പണി വൈകിപ്പിച്ചാൽ ഉടമകൾക്ക് നഷ്ടപരിഹാരം നൽകണം; നിയമവുമായി ഒമാൻ

വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദ്ദേശങ്ങൾ

ഒമാനില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇനി മുതല്‍ വാഹന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ്.

ഒമാനിലെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹനങ്ങളുടെ അറ്റക്കുറ്റപ്പണികള്‍ വൈകിപ്പിക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ ഉത്തരവ് പ്രകാരം അപകടത്തില്‍പ്പെട്ട വാഹനം 30 ദിവസത്തിനുള്ളില്‍ അറ്റകുറ്റപ്പണി തീര്‍ത്ത് ഉടമക്ക് കൈമാറണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ അധികമായി വരുന്ന ഓരോ ദിവസത്തിനം കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടി വരും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

അറ്റകുറ്റപ്പണികള്‍ക്കുള്ള തുക അനുവദിക്കുന്ന രീതിയിലും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ആകെ തുകയുടെ 70 ശതമാനം അറ്റകുറ്റപ്പണികള്‍ തുടങ്ങുതന്നതിന് മുന്‍പ് കൈമാറണം. ബാക്കി 30 ശതമാനം തുക പണി പൂര്‍ത്തിയായ ശേഷവും നല്‍കണം. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ച് കൃത്യസമയത്ത് തന്നെ നിരത്തിലിറങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ പുതിയ നിയമം സഹായിക്കുമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി വ്യക്തമാക്കി.

Content Highlights: Oman has implemented a new regulation requiring vehicle service centres to compensate owners if repair work is delayed. The law aims to protect consumer rights and ensure timely vehicle maintenance services. Authorities said the move will improve accountability in the automobile service sector and provide relief to vehicle owners facing undue delays.

To advertise here,contact us