കേരളത്തില്‍ നിന്നുള്ള കോഴികളെ വേണ്ടെന്ന് ഒമാന്‍; നിരോധനം

വെറ്ററിനറി അധികാരികളില്‍ നിന്നുള്ള ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം

മസ്‌കത്ത്: കേരളത്തില്‍ നിന്നുള്ള കോഴികളുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. വെറ്ററിനറി അധികാരികളില്‍ നിന്നുള്ള ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

റോയല്‍ ഡിക്രി നമ്പര്‍ 45/2004 പ്രകാരം പുറപ്പെടുവിച്ച വെറ്ററിനറി ക്വാറന്റൈന്‍ നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളും അടിസ്ഥാനമാക്കിയുള്ള നടപടിയാണിതെന്നും കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.

പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഒമാന്‍ മുന്‍ഗണന നല്‍കുന്നു. നേരത്തെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിയിറച്ചിയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി ഒമാന്‍ നിരോധിച്ചിരുന്നു. പിന്നീട് വിലക്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു.

ലോക മൃഗാരോഗ്യ സംഘടന പുറപ്പെടുവിച്ച ടെറസ്ട്രിയല്‍ അനിമല്‍ ഹെല്‍ത്ത് കോഡ് പ്രകാരം ഹീറ്റ് ട്രീറ്റ്മെന്റ് നടത്തിയതോ മറ്റു രീതിയില്‍ പ്രോസസ് ചെയ്തതോ ആയ ഉല്‍പന്നങ്ങള്‍ക്ക് ഈ നിരോധനം ബാധകമാകില്ലെന്നും കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി.

Content Highlights: oman suspends chicken imports from kerala citing health concerns

To advertise here,contact us