മസ്കത്ത് നൈറ്റ്സിൽ ജനത്തിരക്ക്; കാഴ്ചകളും കൗതുകങ്ങളും ഒരുക്കി അധികൃതർ

നൂറുകണക്കിന് ഡ്രോണുകള്‍ വ്യത്യസ്ത പാറ്റേണുകളില്‍ അണിനിരക്കുന്ന ഡ്രോണ്‍ ഷോയാണ് മറ്റൊരു ആകര്‍ഷണം

ഒമാനിലെ മസ്‌ക്കത്ത് നൈറ്റ്സില്‍ ജനത്തിരക്ക് വര്‍ധിക്കുന്നു. വാരാന്ത്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടെ എത്തുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വ്യത്യസ്തങ്ങളായ കാഴ്ചകളും കൗതുകങ്ങളുമാണ് പൊതുജനങ്ങള്‍ക്കായ് ഒരുക്കിയിരിക്കുന്നത്. ഒമാനിലെ ഏറ്റവും വലിയ ഉത്സവമായ മസ്‌കത്ത് നൈറ്റ്‌സിനെ ആവേശപൂര്‍വം ഏറ്റെടുത്തിരിക്കുകയാണ് പ്രവാസികള്‍ ഉള്‍പ്പെടെയുളളവര്‍.

വ്യത്യസ്തമാര്‍ന്ന കാഴ്ചകളും പരിപാടികളുമാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എല്‍ഇഡി ലൈറ്റുകളുടെ വര്‍ണ്ണങ്ങളും ഡിസൈനുകളും മാറി മറിയുന്ന ഗ്‌ളാസ് പ്രതലത്തിലൂടെയുള്ള യാത്ര തീര്‍ത്തും വ്യത്യസ്തമാണ്. ഒമാന്റെ ചരിത്രവും മറ്റു പ്രത്യേകതകളും അടയാളപ്പെടുത്തുന്ന ലേസര്‍-ഫയര്‍ ഷോകളും കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നു. അഫ്രിക്കന്‍, ലബനീസ്, ഇന്ത്യന്‍ തദ്ദേശീയ ഭക്ഷണശാലയും അതിനോട് ചേര്‍ന്നുള്ള റാമ്പിലെ ഇടവേളകളിലാത്ത നൃത്തപ്രകടനങ്ങളും ഉത്സവ രാവിന് മാറ്റ് കൂട്ടുന്നു.

നൂറുകണക്കിന് ഡ്രോണുകള്‍ വ്യത്യസ്ത പാറ്റേണുകളില്‍ അണിനിരക്കുന്ന ഡ്രോണ്‍ ഷോയാണ് മറ്റൊരു ആകര്‍ഷണം. മേളയുടെ ഭാഗമായ ഗ്ലോബല്‍ വില്ലേജും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പുതിയ അനുഭവങ്ങളും അത്ഭുതക്കാഴ്ചകളും കാത്തുവച്ചിരിക്കുന്ന ഫെസ്റ്റിവല്‍ കാണാന്‍ കുടുംബസമേതമാണ് ആളുകള്‍ എത്തുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ഇറാന്‍, പലസ്തീന്‍ തുടങ്ങി ഒമാനിലെ പ്രവാസി സമൂഹത്തിന്റെ പരിശ്ചേദങ്ങളുടെ അടയാളമായ സ്റ്റാളുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അത്ഭുതക്കാഴ്ചകളും സംഗീത നൃത്ത വിസ്മയങ്ങളും നിറഞ്ഞ മസ്‌ക്കത്ത് നൈറ്റ്‌സ് ഈ മാസം 31വരെ തുടരും.

Content Highlights: Muscat Nights witnessed a massive turnout of visitors as authorities rolled out a range of visual attractions and engaging experiences. The event features cultural shows, entertainment programs, food stalls, and family-friendly activities, drawing large crowds and creating a festive atmosphere across the venue.

To advertise here,contact us