സാങ്കേതിക വിദ്യയില് പുതിയ ചരിത്രമെഴുതി സുല്ത്താനേറ്റ് ഓഫ് ഒമാന്. തദ്ദേശീയമായി നിര്മിച്ച ആദ്യ കാര്ഗോ ഡ്രോണ് ഒമാന്റെ ആകശത്ത് വിജയകരമായി പറന്നുയര്ന്നു. നൂറ് കിലോ സാധനങ്ങളും വഹിച്ചുകൊണ്ടായിരുന്നു കന്നി പറക്കല് നടന്നത്. സഹം എന്നാണ് ഒമാന്റെ സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്മിച്ച കാര്ഗോ ഡ്രോണിന് നല്കിയിരിക്കുന്ന പേര്.
മിഡില് ഈസ്റ്റിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ട്രാറ്റജിക് ചരക്ക് ഡ്രോണാണിത്. മിലിട്ടറി ടെക്നോളജിക്കല് കോളേജില് നടന്ന സ്കൈ ബ്രിഡ്ജ് പരിപാടിയില് ഗതാഗത മന്ത്രി സഈദ് ബിന് ഹമൂദ് അല് മാവാലിയാണ് ഈ അത്യാധുനിക ഡ്രോണ് പുറത്തിറക്കിയത്. കോളേജില് നിന്ന് മരുന്നുകളും മെഡിക്കല് ഉപകരങ്ങളുമായി പറന്നുയര്ന്ന ഡ്രോണ് സമുദ്രനിരപ്പില് നിന്ന് ഏറെ ഉയരത്തിലുള്ള അല് ജബല് അല് അഖ്ദറില് സുരക്ഷിതമായി സാധനങ്ങള് എത്തിച്ചു.
പുതിയ ഡ്രോണിന്റെ വരവ് രാജ്യത്തെ ആരോഗ്യ-ലോജിസ്റ്റിക്സ് മേഖലകളില് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. സഞ്ചരിക്കാന് പ്രയാസമുള്ള ദുര്ഘട പാതകളില് അതിവഗം സഹായമെത്തിക്കാന് കഴിയും എന്നതും പ്രത്യേകതയാണ്. പരമാവധി 250 കിലോഗ്രാം ഭാരം വഹിക്കാനും 300 കിലോമീറ്റര് ദൂരം വരെ സഞ്ചരിക്കാനും ഡ്രോണിന് കഴിയും. ദീര്ഘദൂര നിരീക്ഷണം, കടല് മാര്ഗമുള്ള നിരീക്ഷണം എന്നിവയ്ക്കും അനുയോജ്യമാണ് ഈ ഡ്രോണ്.
ഇബ്നു ഫിര്നാസ് സെന്റര് ഫോര് ഡ്രോണ്സിന്റെ നേതൃത്വത്തില് ഒമാനി വിദഗ്ധരാണ് ഡ്രോണിന്റെ നിര്മ്മിതിക്ക് പിന്നില് പ്രവര്ത്തിച്ചത്. ഒമാന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിഷന് 2040ന്റെ ഭാഗമായി തദ്ദേശീയമായ സാങ്കേതിക വിദ്യകള് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് ഡ്രോണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല് കാര്ഗോ ഡ്രോണുകള് നിര്മിക്കാനും പദ്ധതിയുണ്ട്.
Content Highlights: Oman has achieved a significant technological milestone as its first indigenously developed cargo drone successfully completed a test flight. The achievement highlights the country’s growing capabilities in advanced technology and locally driven innovation, marking an important step forward in Oman’s aerospace and logistics development efforts.