മസ്കത്ത് നൈറ്റ്സിൽ ജനത്തിരക്ക് വർധിക്കുന്നു; ഇന്ന് ഫെസ്റ്റിവൽ കാണാനെത്തിയത് നിരവധിയാളുകൾ

ദിവസേനയുള്ള സര്‍ക്കസ്, കുടുംബങ്ങള്‍ക്കായുളള ഗെയിമുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ദൈനംദിന പരേഡുകള്‍ എന്നിവയും മസ്‌ക്കത്ത് നൈറ്റ്സിന്റെ ഭാഗമായി അരങ്ങേറുന്നു

ഒമാനിലെ മസ്‌ക്കത്ത് നൈറ്റ്‌സില്‍ ജനത്തിരക്ക് വര്‍ധിക്കുന്നു. രണ്ടാം ദിനമായ ഇന്നും ആയിരങ്ങളാണ് ഫെസ്റ്റിവല്‍ വേദിയിലേക്ക് ഒഴുകി എത്തുന്നത്. ഈ മാസം 31 വരെയാണ് മസ്‌ക്കത്ത് ഫെസിറ്റിവല്‍ നടക്കുക. ഒമാനിലെ ഏറ്റവും വലിയ ഉത്സവരാവായ മസ്‌കത്ത് നൈറ്റ്സിനെ ആവേശപൂര്‍വം ഏറ്റെടുത്തിരിക്കുകയാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍.

ഈ മാസം 31 വരെ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന മസ്‌ക്കത്ത് നൈറ്റ്‌സില്‍ എല്ലാ ദിവസവും വൈകുരേം നാല് മുതല്‍ രാത്രി 11 മണി വരെയാണ് പരിപാടികള്‍ അരങ്ങേറുന്നത്. വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ വിനോദ പരിപാടികളും സംഘടിപ്പിക്കും. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഏറ്റവും പ്രധാന കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും എത്തിച്ചേരാന്‍ കഴിയുന്ന രീതിയിലാണ് വേദികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഖോറം നാച്ചുറല്‍ പാര്‍ക്ക്, അമറാത്ത് പബ്ലിക് പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍, റോയല്‍ ഓപ്പറ ഹൗസ്, സീബ് ബീച്ച്, ഖുറായത്ത്, വാദി അല്‍ ഖൂദ് എന്നിവയാണ് പ്രധാന വേദികള്‍.

ദിവസേനയുള്ള സര്‍ക്കസ്, കുടുംബങ്ങള്‍ക്കായുളള ഗെയിമുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ദൈനംദിന പരേഡുകള്‍ എന്നിവയും മസ്‌ക്കത്ത് നൈറ്റ്സിന്റെ ഭാഗമായി അരങ്ങേറുന്നു. വിനോദ പരിപാടികള്‍ക്കൊപ്പം കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോകളും ഉള്‍പ്പെടെയുള്ള വ്യത്യസ്ത പരിപാടികള്‍ ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ജനങ്ങള്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. വ്യത്യസ്തമായ രുചി വൈവിധ്യങ്ങളും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.

കഴിഞ്ഞ വര്‍ഷം 40 ദിവസങ്ങളിലായി അരങ്ങേറിയ സാംസകാരികോത്സവത്തില്‍ 17 ലക്ഷത്തിലധികം സന്ദര്‍ശകരായിരുന്നു എത്തിയത്. ഇത്തവണ കൂടുതല്‍ വിപുലമായ ക്രമീകരണങ്ങളോടയാണ് ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Oman Muscat Nights: Crowds are increasing at festivel venue

To advertise here,contact us