ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോ​ഗിച്ച് തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

കസ്റ്റമർ പ്രൊട്ടക്ഷൻ ഫോറം സേവനങ്ങൾ നൽകുമ്പോൾ ബാങ്ക് കാർഡ് വിശദാംശങ്ങൾ ആവശ്യപ്പെടുന്നില്ലെന്ന് പൊലീസ് ഊന്നിപ്പറഞ്ഞു.

ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുകരിക്കുന്ന വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് നടത്തുന്ന വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പൊലീസ്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിന്റെ രൂപകൽപ്പനയും ഉള്ളടക്കവും അതേപടി അനുകരിക്കുന്ന വ്യാജ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ വർധനവ് കണ്ടെത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ബ്യൂറോ അറിയിച്ചു.

സമ്മാനങ്ങൾ ഉണ്ടെന്ന് വ്യാജമായി അവകാശപ്പെട്ട് ഇരകളെ വശീകരിക്കുകയും തുടർന്ന് അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്കിങ് വിവരങ്ങളും നിയമവിരുദ്ധമായി കൈക്കലാക്കുകയും അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യുകയാണ് വ്യാജന്മാർ ചെയ്യുന്നത്. വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ നൽകുന്നതിന് മുമ്പ് വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി റോയൽ ഒമാൻ പൊലീസ് ഉത്ബോധിപ്പിച്ചു. കസ്റ്റമർ പ്രൊട്ടക്ഷൻ ഫോറം സേവനങ്ങൾ നൽകുമ്പോൾ ബാങ്ക് കാർഡ് വിശദാംശങ്ങൾ ആവശ്യപ്പെടുന്നില്ലെന്ന് പൊലീസ് ഊന്നിപ്പറഞ്ഞു.

പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും സംശയാസ്പദമായ എന്തെങ്കിലും വഞ്ചനാപരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും അഭ്യർത്ഥിച്ചു.

Content Highlights: ROP warns against fake CPA website trap

To advertise here,contact us