ഒമാനില് മഴ ശക്തമാകുമെന്ന് സിവില് ഏവിയേഷന് അതോറിറ്റി. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില് പറയുന്നു. ന്യൂനമര്ദ്ദമാണ് മഴക്ക് കാരണമെന്നും അധികൃതര് അറിയിച്ചു.
ഒമാന്റെ വിവിധ ഭാഗങ്ങളില് കഴിഞ്ഞ കുറെ ദിവസങ്ങളിലായി പെയ്യുന്ന മഴ കൂടുതല് ശക്തമാകുമെന്നാണ് സിവില് ഏവിയേഷന് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില് പറയുന്നു. നാളെയാണ് രാജ്യത്ത് ഏറ്റവും കൂടുതല് മഴ പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ചയും മഴ തുടരുമെന്നും സിവില് ഏവിയേഷന് അതോറിറ്റി അറിയിച്ചു. മുസന്ദം ഗവര്ണറേറ്റിലായിരിക്കും ആദ്യം മഴയെത്തുക. അഞ്ച് മുതല് 10 മില്ലിമീറ്റര് വരെ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. പിന്നാലെ വടക്കന് ഗവര്ണറേറ്റുകളിലേക്കും അറേബ്യന് കടല് തീരത്തേക്കും വ്യാപിക്കും. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില് പൊതുജനങ്ങള്ക്കായി ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ശക്തമായ മഴയില് വാദികള് നിറഞ്ഞെഴുകാന് സാധ്യതയുള്ളതിനാല് താമസക്കാര് കൂടുതല് ജാഗ്രത പാലിക്കണം. വാദികള് മുറിച്ചുകടക്കുന്നതും വെള്ളക്കെട്ടുകളില് ഇറങ്ങുന്നതും ഒഴിവാക്കണം. കാറ്റിന്റെ സ്വാധീനം മൂലം പലയിടങ്ങളിലും പൊടിപടലങ്ങള് ഉയരാനും സാധ്യതയുണ്ട്. ഇതിനൊപ്പം രാവിലെയും വൈകുന്നേരവും മൂടല് മഞ്ഞും ശക്തമാകും. ദൂരക്കാഴ്ച മറയാന് സാധ്യതയുള്ളതിനാല് കൂടുതല് ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അധികൃതര് നിര്ദേശിച്ചു.
മഴ ശക്തമാകുന്നതോടെ രാജ്യത്തെ താപനിലയും വലിയ തോതില് കുറയുമെന്നാണ് വിലയിരുത്തല്. ഇത് തണുപ്പ് ശക്തമാകുന്നതിനും കാരണമാകും. കാലാവസ്ഥാ മാറ്റങ്ങള് അറിയുന്നതിനായി ഔദ്യോഗിക ചാനലുകള് പിന്തുടരണമെന്നും സിവില് ഏവിയേഷന് അതോറിറ്റി ജനങ്ങളോട് അഭ്യര്ത്ഥിച്ചു.
Content Highlights: Oman warns of unsettled weather, scattered rain and strong winds through December 30