വന്‍ പ്രഖ്യാപനവുമായി ഒമാനും തുർക്കിയും: ഇരുരാജ്യങ്ങളും സന്ദർശിക്കാന്‍ സ്വന്തം പൗരന്മാർക്ക് ഇനി 'വിസ വേണ്ട'

വിനോദസഞ്ചാര വ്യാപനം, സാംസ്കാരിക കൈമാറ്റം, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിസ ഇളവിന് പിന്നിലുള്ളത്.

ഒമാനും തുർക്കിയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സാഹോദര്യവും ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കായി വിസ ഇളവ് ഔദ്യോഗികമായി നടപ്പിലാക്കി. ഒമാന്റെയോ തുർക്കിയുടെയോ പാസ്പോർട്ട് കൈവശമുള്ള ഏതൊരാൾക്കും ഇരുരാജ്യങ്ങളിലേക്കും വിസയില്ലാതെ പ്രവേശിക്കാനുള്ള നിയമമാണ് നടപ്പിലാക്കിയിരിക്കുന്നത്. വിനോദസഞ്ചാര വ്യാപനം, സാംസ്കാരിക കൈമാറ്റം, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിസ ഇളവിന് പിന്നിലുള്ളത്.

വിസ ഇളവുകൾ ഇപ്രകാരമാണ്;

തുർക്കി സന്ദർശിക്കുന്ന ഒമാൻ സ്വദേശികൾ മുൻകൂട്ടി വിസ എടുക്കേണ്ടതില്ല. ടൂറിസം ആവശ്യങ്ങൾക്കായി ആറ് മാസക്കാലയളവിൽ 90 ദിവസം വരെ ഒമാൻ സ്വദേശികൾക്ക് തുർക്കിയിൽ താമസിക്കാം.‍

ഒമാൻ സന്ദർശിക്കുന്ന തുർക്കി സ്വദേശികൾക്ക് ഓരോ സന്ദർശനവേളയിലും 30 ദിവസം വരെ വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാം. എന്നാൽ ഏതൊരു ആറ് മാസ കാലയളവിൽ അവരുടെ ആകെ താമസം 90 ദിവസത്തിൽ കൂടാൻ പാടില്ല.

ഈ നിയമത്തിന് അർത്ഥം ഇരുരാജ്യങ്ങളിലും ഇനിമുതൽ വിനോദ സഞ്ചാര സന്ദർശനങ്ങൾക്കായി വിസ എടുക്കേണ്ടതില്ല എന്നാണ്.

വിസ ഇളവ് പ്രയോജനപ്പെടുത്തുന്നതിന് യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

പാസ്‌പോർട്ട് കാലാവധി; സന്ദർശകർ പാസ്‌പോർട്ടിന് പ്രവേശന തീയതി മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയുണ്ടെന്ന് ഉറപ്പുവരുത്തണം.

ഹ്രസ്വകാല സന്ദർശനത്തിന് മാത്രം: വിസ ഇളവ് വിനോദസഞ്ചാരത്തിനും ഹ്രസ്വകാല സന്ദർശനങ്ങൾക്കും മാത്രമുള്ളതാണ്. തൊഴിൽ ആവശ്യങ്ങൾക്കോ ദീർഘകാല താമസത്തിനോ പോകുന്നവർ നിശ്ചിത വിസകൾ മുൻകൂട്ടി എടുക്കേണ്ടതുണ്ട്.

താമസ പരിധി: വിസയില്ലാതെ ഓരോ രാജ്യത്തും എത്ര കാലം താമസിക്കാമെന്ന കൃത്യമായ സമയപരിധി കരാറിൽ നിശ്ചയിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നത് നിയമനടപടികൾക്ക് കാരണമാകും.

ആരോഗ്യ ഇൻഷുറൻസ്: യാത്രക്കാർ അവരുടെ താമസകാലയളവ് മുഴുവൻ പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് കരുതണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.

ഈ ലളിതമായ നടപടിക്രമങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രകൾ വർദ്ധിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിസ നടപടികൾ ഇല്ലാതെ ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് വിനോദ സഞ്ചാരത്തിനും മറ്റ് ഹ്രസ്വകാല സന്ദർശനങ്ങൾക്കും നിയമം ​ഗുണം ചെയ്യുമെന്നും അധികൃതർ വിലയിരുത്തി.

Content Highlights: Oman and Turkey make big announcement: Citizens Of Both Countries Will No longer Need Visas To Visit

To advertise here,contact us