വിനോദസഞ്ചാരികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കാൻ ഒമാൻ; ബൊട്ടാണിക് ഗാര്‍ഡൻ നിര്‍മാണം പൂര്‍ത്തിയായി

സന്ദര്‍ശകര്‍ക്ക് അസാധാരാണമായ അനുഭവമാകും ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സമ്മാനിക്കുകയെന്ന് മസ്‌ക്കത്ത് മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.

സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന ഒമാന്‍ ബൊട്ടാണിക് ഗാര്‍ഡന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. നടത്തിപ്പ് ചുമതലയുളള മസ്‌കത്ത് മുനിസിപ്പാലിറ്റിക്ക് ഗാര്‍ഡന്‍ ഔദ്യോഗികമായി കൈമാറിയതായി ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.

സുല്‍ത്താനേറ്റിന്റെ തനതായ സസ്യ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള പൊതുജന അവബോധം വളര്‍ത്തുന്നതിലും ബോട്ടാണിക് ഗാര്‍ഡന്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. മേഖലയിലെ പരിസ്ഥിതി ടൂറിസത്തിന്റെയും പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെയും ഒരു പ്രധാന ചാലകശക്തിയായി ഇത് മാറുമെന്നും വിലയിരുത്തപ്പെടുന്നു.

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയ20ൽ അധികം അപൂര്‍വയിനം സസ്യങ്ങള്‍ക്ക് പുറമെ നൂറുകണക്കിന് തദ്ദേശീയ സസ്യങ്ങളും ഗാര്‍ഡന്റെ പ്രത്യേകതയാണ്. ഗവേഷണം, വിദ്യാഭ്യാസം, വിനോദം എന്നിവയും ഗാര്‍ഡന്‍ വാഗ്ദാനം ചെയ്യുന്നു. സന്ദര്‍ശകര്‍ക്ക് അസാധാരാണമായ അനുഭവമാകും ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സമ്മാനിക്കുകയെന്ന് മസ്‌ക്കത്ത് മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.

തുറന്ന കളിസ്ഥലങ്ങള്‍, വിനോദ പരിപാടികള്‍ക്കുള്ള ഇടങ്ങള്‍, സംവേദനാത്മക മേഖലകള്‍ എന്നിവയ്ക്കൊപ്പം ഒമാനിലെ ആദ്യത്തെ കേബിള്‍ കാര്‍ സവാരിയും ഗാര്‍ഡനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നടത്തിപ്പില്‍ മസ്‌ക്കറ്റ് മുനിസിപ്പാലിറ്റിക്ക് വിജയം ആശംസിക്കുന്നതായും ഈ നേട്ടത്തിന് സംഭാവന നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ടൂറിസം, പൈതൃക മന്ത്രി സാലിം അല്‍ മഹ്റൂഖി പറഞ്ഞു.

Content Highlights: Oman Botanic Garden project complete, handed over to Muscat Municipality

To advertise here,contact us