ആഗോള ജീവിത നിലവാര സൂചികയില് ചരിത്രനേട്ടം കുറിച്ച് ഒമാന്. ഏഷ്യയിലും മിഡില് ഈസ്റ്റ് മേഖലയിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് ഒമാന്റെ നേട്ടം. സുരക്ഷാ, ആരോഗ്യ സേവനം, കുറഞ്ഞ മലിനീകരണം എന്നിവ റാങ്കിംഗില് നിര്ണായകമായി. ഖത്തറാണ് രണ്ടാം സ്ഥാനത്ത്.
ഡാറ്റാ പ്ലാറ്റ്ഫോമായ 'നംബിയോയുടെ 2025 ലെ മധ്യവര്ഷ റിപ്പോര്ട്ടിലാണ് ആഗോള ജീവിത നിലവാര സൂചികയില് ഒമാന് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 215 പോയിന്റ് നേടിയാണ് സുപ്രധാന നേട്ടം കൈവരിച്ചത്. സുരക്ഷാ നിലവാരം, കുറഞ്ഞ ജീവിതച്ചെലവ്, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം, കാലാവസ്ഥ, ഗതാഗതം, എന്നിവയ്ക്കൊപ്പം പൊതുജനങ്ങളുടെ വ്യക്തിഗത വിലയിരുത്തലുകള് എന്നിവയാണ് ഒമാന് നേട്ടമായത്.
ഏറ്റവും കുറഞ്ഞ മലിനീകരണ തോത് ഉള്ള അറബ് രാജ്യം എന്ന നേട്ടവും ഒമാന് സ്വന്തം. ഈ കാറ്റഗറിയില് ആഗോളതലത്തില് 22-ാം സ്ഥാനമാണ് ഒമാനുള്ളത്. മികച്ച വായു-ജല ഗുണനിലവാരം, കാര്യക്ഷമമായ മാലിന്യ സംസ്കരണം, ഹരിത ഇടങ്ങളുടെ ലഭ്യത എന്നിവയാണ് മലിനീകരണ സൂചികയില് നേട്ടം കൈവരിക്കാന് ഒമാനെ സഹായിച്ചത്.
ഒമാന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിഷന് 2040 ഭാഗമായി ശുദ്ധമായ ഊര്ജ്ജ ഉപയോഗം, പ്രകൃതി വിഭവ സംരക്ഷണം തുടങ്ങിയ മേഖലകളില് രാജ്യം പ്രത്യേക ശ്രദ്ധ നല്കുന്നതും റിപ്പോര്ട്ടില് പറയുന്നു. ആഗോള ജീവിത നിലവാര സൂചികയില് ജിസിസി മേഖലയില് 189 പോയിന്റുമായി ഖത്തര് ആണ് രണ്ടാം സ്ഥാനത്ത്. 174 പോയിന്റുമായി യുഎഇ,173 പോയിന്റുമായി സൗദി അറേബ്യ എന്നീ രാജ്യങ്ങളും തൊട്ടു പിന്നിലുണ്ട്.
Content Highlights: Oman Ranks As No.1 Regionally in “Quality of Life” Rating by Numbeo Global Index 2025