ഒമാനില് ഇലക്ട്രോണിക് പേമെന്റ് ചട്ടങ്ങള് ലംഘിക്കുന്ന വ്യാപാരികള്ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഇതിന്റെ ഭാഗമായി ഇലക്ടോണിക് പേമെന്റ് ചട്ടങ്ങള് ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള് കൈമാറണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്ത്ഥിച്ചു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ഷോപ്പിങ് പ്രക്രിയ സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
ഒമാനിലെ ചില വ്യാപാര സ്ഥാപനങ്ങള് ഇ-പേമെന്റ് ചട്ടങ്ങള് ലംഘിക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടപടി ശക്തമാക്കുന്നത്. പൊതുജനങ്ങളുടെ സഹായത്തോടെ ഇത്തരക്കാരെ കണ്ടെത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. ഏതെങ്കിലും വാണിജ്യ സ്ഥാപനം ഇ-പേമെന്റ് സേവനം നല്കാന് വിസമ്മതിച്ചാലും ഇ-പെയ്മെന്റ് സംവിധാനത്തിന് അധിക നിരക്കുകള് ഈടാക്കിയാലും അക്കാര്യം അറിയക്കണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. നെറ്റ്വർക്ക് പ്രശ്നങ്ങള് ചൂണ്ടികാട്ടി സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്സ്ഫര് ചെയ്യാന് ആവശ്യപ്പെട്ടാലും അക്കാര്യം റിപ്പോര്ട്ട് ചെയ്യണം.
മന്ത്രാലയത്തിന്റെ തജാവുബ് പ്ലാറ്റ്ഫോമില് ഇതിന് വേണ്ട ക്രമീകരണം ഏര്പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള് നിശബ്ദത പാലിച്ചാല് നിയമ ലംഘനങ്ങള് തുടരുമെന്നും രാജ്യത്തെ ഷോപ്പിംഗ് അനുഭവം മോശമാകുമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ചൂണ്ടികാട്ടി. ജ്വല്ലറികൾ, പലചരക്ക് കടകള്, റെസ്റ്റോറന്റുകള്, കോഫി ഷോപ്പുകള്, ഓണ്ലൈന് ഭഷണശാലകള്, നിര്മാണ സാമഗ്രികളുടെ വിതരണക്കാര്, മാളുകള്, പുകയില വില്പ്പനക്കാര് എന്നിവയുള്പ്പെടെ വിവിധ ബിസിനസ് സ്ഥാപനങ്ങള്ക്ക് ഇ-പേമെന്റ് സംവിധാനം നിര്ബന്ധമാണ്.
Content Highlights: MOCIIP urges public to report shops violating e-payment rules