പ്രവാസികൾക്കായി വലിയ പ്രഖ്യാപനം; തൊഴിൽ വിസയ്ക്ക് നിരക്കുകൾ കുറച്ച് ഒമാൻ

തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക, ബിസിനസ് ഉടമകള്‍ക്കുള്ള ഭരണപരമായ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നിരക്കുകൾ പരിഷ്കരിക്കുന്നത്

ഒമാനിൽ തൊഴിൽ വിസയുടെ നിരക്കുകൾ കുറച്ചും തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ​​ഗുണകരമാകുന്ന രീതിയിലാണ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക, ബിസിനസ് ഉടമകള്‍ക്കുള്ള ഭരണപരമായ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നിരക്കുകൾ പരിഷ്കരിക്കുന്നത്.

പുതിയ നിയമത്തിൽ വൈകല്യമുള്ളവര്‍, സ്വയം പരിചരണത്തിന് കഴിവില്ലാത്ത വയോധികര്‍, ചൈല്‍ഡ് കെയര്‍ ജോലിക്കാര്‍, സ്വകാര്യ ഡ്രൈവര്‍മാര്‍, സ്വകാര്യ നഴ്സുമാര്‍ തുടങ്ങി നിരവധി വിഭാ​ഗങ്ങൾക്ക് പ്രത്യേക ഫീസ് ഇളവുകളും ഉണ്ടാകും. എല്ലാ വിഭാ​ഗം തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധങ്ങൾ കൃത്യമാക്കുന്നതിനും പുതിയ നിയമത്തിൽ മാർ​ഗനിർദ്ദേശങ്ങളുണ്ട്.

പുതിയ വര്‍ക്ക് പെര്‍മിറ്റ് നിരക്കുകള്‍ ഇപ്രകാരമാണ്. തൊഴിൽ മന്ത്രാലയം അംഗീകരിച്ച ഒന്നാം തരം ജോലികൾക്ക് വർക്ക് പെർമിറ്റ് എടുക്കാനും അത് പുതുക്കാനും അല്ലെങ്കിൽ തൊഴിലാളിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനും 301 റിയാലാണ് ഫീസ്. രണ്ടാം ക്ലാസ് ജോലികൾക്ക് 251 റിയാലും മൂന്നാം ക്ലാസ് ജോലികൾക്ക് 201 റിയാലും ഫീസ് നൽകണം.

നിക്ഷേപ തൊഴിലുകൾക്ക് 301 റിയാലും വീട്ടുജോലി, സ്വകാര്യ ഡ്രൈവർ, തോട്ടക്കാരൻ എന്നീ ജോലികൾക്ക് 101 റിയാലും വർക്ക് പെർമിറ്റ് എടുക്കാനും പുതുക്കാനും തൊഴിലാളി വിവരങ്ങൾ രജിസ്ട്രർ ചെയ്യുന്നതിനും നൽകണം. കാര്‍ഷിക തൊഴിലാളികള്‍, മൃ​ഗ സംരക്ഷണ ജോലികൾ, കെട്ടിട തൊഴിലുകൾ എന്നിവർക്ക് 141 റിയാൽ ഫീസ് അടയ്ക്കേണ്ടതുണ്ട്.

Content Highlights: Oman Labour Reforms focus on significant changes to work permit regulations

To advertise here,contact us