ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം ലക്ഷ്യം; ഉത്തരവുമായി തൊഴിൽ മന്ത്രാലയം

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഒമാന്‍ തൊഴില്‍ നിയമവുമായി തൊഴില്‍രീതികള്‍ സമന്വയിപ്പിക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്

ഒമാനില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പുതിയ നിയമം നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ച പുതിയ ഉത്തരവ് തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. ഗാര്‍ഹിക തൊഴിലാളികളുടെയും അനുബന്ധ തൊഴില്‍ മേഖലയിലെ ജോലിക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്ന നിയമം ഉടന്‍ നടപ്പിലാക്കാനാണ് തീരുമാനം.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഒമാന്‍ തൊഴില്‍ നിയമവുമായി തൊഴില്‍രീതികള്‍ സമന്വയിപ്പിക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. വീട്ടുജോലിക്കാര്‍, ആയമാര്‍, സ്വകാര്യ ഡ്രൈവര്‍മാര്‍, കാര്‍ഷിക തൊഴിലാളികള്‍, റസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് ഗാര്‍ഡ്, ഹോം നഴ്‌സുമാര്‍, പാചക തൊഴിലാളികള്‍, ഒട്ടകങ്ങളെയും കന്നുകാലികളയും വളര്‍ത്തുന്ന തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ വിവിധ ജോലികള്‍ക്ക് പുതിയ ബാധകമാണ്. വേതനം, വിശ്രമ കാലയളവുകള്‍, അസുഖ അവധി, വാര്‍ഷിക അവധി തുടങ്ങിയ പ്രധാന വ്യവസ്ഥകളും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴില്‍ കരാറുകള്‍ അറബിയില്‍ എഴുതണം. കൂടാതെ തൊഴിലാളികള്‍ക്ക് കുറഞ്ഞത് 21 ദിവസത്തെ വാര്‍ഷിക അവധി, ആഴ്ചതോറുമുള്ള വിശ്രമം, പ്രതിവര്‍ഷം 30 ദിവസം വരെ അസുഖ അവധി എന്നിവക്ക് അര്‍ഹതയുണ്ടായിരിക്കും. നിര്‍ബന്ധിത തൊഴില്‍, പീഡനം, വ്യക്തിഗത രേഖകള്‍ കണ്ടുകെട്ടല്‍ എന്നിവ കര്‍ശനമായി നിരോധിക്കുന്നത് കൂടിയാണ് നിയമത്തിലെ വ്യവസ്ഥകള്‍. 21 വയസിന് താഴെയുള്ളവരെ ജോലിക്കെടുക്കരുതെന്നും തൊഴിലാളികളില്‍നിന്ന് റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കാന്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ലൈസന്‍സില്ലാതെ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യാനും തൊഴിലുടമകള്‍ അവരെ നിര്‍ബന്ധിക്കരുത്.

തൊഴിലാളികള്‍ക്ക് നല്ല താമസം, ഭക്ഷണം, ഗതാഗതം, ആരോഗ്യ ഇന്‍ഷ്വറന്‍സ് എന്നിവ നല്‍കണം. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്ക് വിധേയമായി സേവനാവസാന ഗ്രാറ്റുവിറ്റി, സ്വദേശത്തേക്ക് പോകാനുള്ള ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ തൊഴില്‍ അവസാനിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെകുറിച്ചും നിമയം വ്യക്തമാക്കുന്നു. ദുരുപയോഗം, വഞ്ചന എന്നിവക്ക് പുറമെ കൃത്യസമയത്ത് വേതനം ലഭിക്കാത്ത സാഹചര്യമുണ്ടായാലും തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് കൂടാതെ കരാറുകള്‍ അവസാനിപ്പിക്കാം.

തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ ഫീസുകളില്‍നിന്നും തൊഴിലാളികളെ ഒഴിവാക്കിയിട്ടുണ്ട്. നിയമലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 500 റിയാവരെയുള്ള അഡ്മിനിസ്ട്രേറ്റീവ് പിഴകള്‍ നേരിടേണ്ടിവരും. മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോം വഴി തൊഴില്‍ കരാറുകളുടെ ഇലക്ട്രോണിക് രജിസ്ട്രേഷന്‍ നടത്തണം. കൂടാതെ പ്രൊബേഷന്‍ കാലയളവുകള്‍, ജോലി സമയം, വേതന പേയ്മെന്റ് സമയക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കര്‍ശനമായ വ്യവസ്ഥകളും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പിറ്റേ ദിവസം മുതല്‍ നിയമ പ്രാബല്യത്തില്‍ വരമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Content Highlights: Oman enacts new law to protect domestic workers' rights

To advertise here,contact us