ഇ-കൊമേഴ്സ് രം​ഗത്ത് ഉപഭോക്ത്യ പരാതികൾ വർദ്ധിക്കുന്നു; കണക്കുകൾ പുറത്തുവിട്ട് ഒമാൻ

മൊബൈല്‍ പേയ്‌മെന്റ് ക്ലിയറിംഗ് ആന്റ് സ്വിച്ചിംഗ് സിസ്റ്റം എല്ലാ മേഖലകളിലും ശക്തമായ വളര്‍ച്ച കൈവരിച്ചു

ഒമാനില്‍ ഇ-കൊമേസ് രംഗത്ത് ഉപഭോക്ത്യ പരാതികള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാൽ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിലൂടെ സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചതായും ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 1,851 പരാതികള്‍ ഇ-കൊമേഴ്‌സ്സ് മേഖലയില്‍ ലഭിച്ചതായാണ് ഉപഭോക്ത്യ സംരക്ഷണ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

പരാതികളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് 24,500 റിയാലിലധികം തിരികെ ലഭ്യമാക്കിയതായും അധിക്യതര്‍ വ്യക്തമാക്കി. എന്നാൽ സുല്‍ത്താനേറ്റില്‍ ഇ-കൊമേഴ്‌സ് ഇടപാടുകള്‍ 1.5 ശതമാനമാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്. ഇത് സ്ഥിരമായ ഡിജിറ്റല്‍ ഷോപ്പിംഗ് പ്രവര്‍ത്തനത്തെയാണ് സൂചിപ്പിക്കുന്നത്. മൊത്തം ഇ-കൊമേഴ്സ് ഇടപാട് മൂല്യം 1.4 ബില്യണ്‍ ഒമാനി റിയാലിലെത്തി.ഓണ്‍ലൈന്‍ പേമെന്റ് മേഖലയില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രത നിലനിര്‍ത്തുന്നതിന് ശക്തമായ സൈബര്‍ സുരക്ഷയുടെയും മറ്റ് സുരക്ഷാ നടപടികളുടെയും ആവശ്യകത അടിവരയിടുന്നതാണ് ഈ മുന്നേറ്റമെന്ന് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ പേയ്‌മെന്റ് ക്ലിയറിംഗ് ആന്റ് സ്വിച്ചിംഗ് സിസ്റ്റം എല്ലാ മേഖലകളിലും ശക്തമായ വളര്‍ച്ച കൈവരിച്ചു. 318.6 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കാലയളിവില്‍ രേഖപ്പെടുത്തിയത്.

ഒമാന്‍ നെറ്റിന്റെയും എംപിസിഎസ്എസിന്റെയും ദ്രുത ഗതിയിലുള്ള വികസനം പണരഹിത പേയ്‌മെന്റുകളിലേക്കുള്ള ഗണ്യമായ പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2024ല്‍ മൊത്തം പോയിന്റ് ഓഫ് സെയില്‍ ഇടപാട് മൂല്യം 3.4 ബില്യണ്‍ റിയാലായിരുന്നു. ഇത് ചില്ലറ വ്യാപാരികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ സന്നദ്ധതയെയും സുരക്ഷിതമായ പേമെന്റ് സംവിധാനങ്ങളില്‍ ഉപയോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതിന്റെയും തെളിവാണെന്ന് അധികൃതര്‍ പറഞ്ഞു.

പി ഒ എസ് ഇടപാടുകളിലെ കുതിച്ചുചാട്ടവും ഇത് സ്ഥിരീകരിക്കുന്നു. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളുടെ ഉപയോഗത്തിലെ വര്‍ധനവ്, മെച്ചപ്പെട്ട സാമ്പത്തിക ആക്‌സസ്, കൂടുതല്‍ സാമ്പത്തിക പങ്കാളിത്തം എന്നിവക്കും കാരണമായി. ഡിജിറ്റല്‍ നവീകരണത്തിലൂടെ സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കുക, പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, എന്നീ ദേശീയ ലക്ഷ്യങ്ങളിലേക്ക് രാജ്യ കൂടുതല്‍ അടുക്കുന്നതിൻ്റെ സൂചനയായും ഇതിനെ വിലയിരുത്തപ്പെടുന്നു.

Content Highlights: Rise in consumer complaints against e-commerce firms in Oman

To advertise here,contact us