ഇന്ത്യ-ഒമാൻ വ്യാപാര ബന്ധം കൂടുതൽ ശക്തമാകുന്നു; 'ട്രാക്ക് 1.5' എന്ന പേരില്‍ പുതിയ പ്ലാറ്റ്‌ഫോം

ഇരു രാജ്യങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായികൂടിയാണ് ശ്രദ്ദേയമായ ഈ ചുവടുവെയ്പ്പ്.

ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ-ഒമാന്‍ നെറ്റ്‍വർക്ക് 'ട്രാക്ക് 1.5' എന്ന പേരില്‍ പുതിയ പ്ലാറ്റ്‌ഫോം പുറത്തിറക്കി. ഇതിന്റെ ലോഗോയും മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. വിവിധ മേഖലകളില്‍ ഇന്ത്യയും ഒമാനും തമ്മില്‍ ശക്തമായ വ്യാപാര ബന്ധമാണ് കാലങ്ങളായി നിലനില്‍ക്കുന്നത്. ഇത് കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ-ഒമാന്‍ നെറ്റ്‍വര്‍ക്ക് 'ട്രാക്ക് 1.5' എന്ന പേരില്‍ പുതിയ പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചിരിക്കുന്നത്.

വ്യാപാരം, സാങ്കേതികവിദ്യ, ടൂറിസം,വിവര സാങ്കേതിക വിദ്യകളുടെ കൈമാറ്റം എന്നിവക്ക് പുറമെ നിക്ഷേപത്തിന് പ്രോത്സാഹനം നല്‍കല്‍, സാംസ്‌കാരികവും വിജ്ഞാനപരവുമായ കൈമാറ്റം എന്നിവയും പുതിയ സംരഭത്തിലൂടെ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായികൂടിയാണ് ശ്രദ്ദേയമായ ഈ ചുവടുവെയ്പ്പ്.

വ്യാപാര രംഗത്ത് ഇന്ത്യക്കും ഒമാനും ഇടയിലുള്ള അപാരമായ സാധ്യതകള്‍ തിരിച്ചറിയുന്നതായി ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ജി.വി ശ്രീനിവാസ് പറഞ്ഞു. 2047ഓടെ വികസിത രാഷ്ട്ര പദവി കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അംബാസിഡര്‍ വ്യക്തമാക്കി. വ്യാപാര വ്യാപ്തിയും സംയുക്ത നിക്ഷേപങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ റവാസ് പറഞ്ഞു. ഇന്ത്യയുടെ വളര്‍ന്നുവരുന്ന സാങ്കേതിക വ്യവസായത്തിനും വൈദഗ്ധ്യം പങ്കിടുന്നതിലും പുതിയ പദ്ദതി നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: India-Oman Network ‘track 1.5’ platform to boost trade ties

To advertise here,contact us