റോഡു​കളിൽ വിദ്യാർത്ഥികളുടെ സുരക്ഷ; പദ്ധതികളുമായി ഒമാൻ പൊലീസ്

രാവിലെയും ഉച്ചയ്ക്കും നിരവധി സ്‌കൂള്‍ ബസുകളാണ് ഒമാനിലെ നിരത്തുകളിലൂടെ സര്‍വീസ് നടത്തുന്നത്

ഒമാനില്‍ വേനല്‍ അവധിക്ക് ശേഷം സ്വദേശി, വിദേശി സ്‌കൂളുകളില്‍ പൂര്‍ണമായും ക്ലാസുകള്‍ ആരംഭിച്ചതോടെ റോഡ് സുരക്ഷക്ക് പ്രത്യേക പദ്ധതിയുമായി റോയല്‍ ഒമാന്‍ പോലീസ് ട്രാഫിക് വിഭാഗം. ഡ്രൈവര്‍മാര്‍ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

രാവിലെയും ഉച്ചയ്ക്കും നിരവധി സ്‌കൂള്‍ ബസുകളാണ് ഒമാനിലെ നിരത്തുകളിലൂടെ സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളുമായി റോയല്‍ ഒമാന്‍ പൊലീസിലെ ട്രാഫിക് വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. ബസ് സ്‌കൂളില്‍ എത്തിയ ശേഷവും തിരകെ വീട്ടിലേക്ക് മടങ്ങുമ്പോഴും വാഹനം ഓഫ് ചെയ്യുന്നതിന് മുമ്പ് കുട്ടികള്‍ മുഴുവന്‍ ഇറങ്ങിയെന്നും ആരും ബസുകളില്‍ ഇല്ലെന്നും ഉറപ്പുവരുത്തണണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

നേരത്തെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാരെ പ്രത്യേകമായി നിരീക്ഷിക്കും. എല്ലാ റോഡുകളിലും പാലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും സ്‌കൂളുകള്‍ക്ക് മുന്നിലും സുഗമമായ യത്ര ഉറപ്പാക്കാന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മാത്രം ഏകദേശം 5,000 മുതല്‍ 7,000 വരെ വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും സൂരക്ഷക്ക് പൊലീസ് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പെട്രോളിംഗ് സംഘവും വിവിധ ഭാഗങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നു.

ബസ് ഇറങ്ങി വിദ്യാർത്ഥികൾ ക്ലാസ് മുറികളിലും ക്ലാസ് കഴിഞ്ഞ് തിരികെ ബസുകളിലേക്കും എത്തിക്കുന്നതിന് പ്രത്യേകം ജീവനക്കാരെ ഇന്ത്യന്‍ സ്‌കൂളുകളും നിയോഗിച്ചിട്ടുണ്ട്. ജിവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രക്കായി നടപ്പിലാക്കിയ സേഫ്റ്റി ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റവും വിജയകരമായി മുന്നോട്ടുപോകുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Content Highlights: Royal Oman Police Launches Traffic Plan for Student Safety

To advertise here,contact us