ഒമാനിലെ തെക്കന് ബാത്തിന ഗവര്ണറേറ്റിലെ വകാന് വില്ലേജ് സഞ്ചാരികളുടെ മനം കവരുന്നു. സമുദ്ര നിരപ്പില് നിന്ന് 200 അടി ഉയരത്തില് ഹജര് പര്വത നിരകളിലാണ് മനോഹരമായ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വകാന് വില്ലേജിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഓരോ ദിവസവും വര്ദ്ധിക്കുകയാണ്. ഈ വര്ഷം ജനുവരി മുതല് ജൂലൈ അവസാനം വരെയുളള കണക്കുകള് പ്രകാരം 27,428 സന്ദര്ശകരാണ് ഇവിടെ എത്തിയത്.
കഴിഞ്ഞ വര്ഷം ഇതേ കാലയളവില് എത്തിയ സന്ദര്ശകരുടെ എണ്ണം 24,093 ആയിരുന്നു. പ്രകൃതി ദത്തമായ സൗന്ദര്യവുംസാംസ്കാരിക ആകര്ഷണങ്ങളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്ഷിക്കുന്നത്. വേനല് കാലത്തും മിതമായ കാലാവസ്ഥയാണ് വകാന് വില്ലേജിൽ അനുഭവപ്പെടാറുള്ളത്.
അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലുമാണ് ഏറ്റവും കൂടുതല് സഞ്ചാരികൾ എത്താറുള്ളത്. സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി വകാന് വില്ലേജില് കൂടുതല് വികസന പ്രവര്ത്തനങ്ങള് നടപ്പിലാക്കാന് തയ്യാറെടുക്കുകയാണ് ഭരണകൂടം. റോഡ് ഉള്പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്, ജല വിതരണ പദ്ധതി, അതിഥി മന്ദിരം, പര്വത പാതകളുടെ വികസനം തുടങ്ങി നിരവധി പദ്ധതികളാണ് അണിയറയില് ഒരുങ്ങുന്നത്. വകാന് ഗ്രാമത്തെ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
തലസ്ഥാനമായ മസ്കത്തില് നിന്ന് 150 കിലോ മീറ്റര് അകലെയാണ് പടിഞ്ഞാറന് ഹജര് പര്വത നിരകളില് സ്ഥിതി ചെയ്യുന്നതാണ് ഈ ഗ്രാമം. മുന്തിരി, മാതള നാരങ്ങ, ഈന്തപ്പന, വിവിധയിനം ചെടികള്, നാട്ടുവൈദ്യത്തിന് ഉപയോഗിക്കുന്ന അപൂര്വയിനം സസ്യങ്ങള് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇപ്പോള് വിളവെടുപ്പ് കാലമായതിനാല് പഴവര്ഗങ്ങള് വാങ്ങാനും സഞ്ചാരികള്ക്ക് അവസരമുണ്ട്.
Content Highlights: Wakan Village In Oman Sees A Surge In Tourist