മധ്യവേനലവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകള് ഈ മാസം 25ന് തുറക്കും. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള് ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാര് ഇന്ന് മുതല് സ്കൂളുകളില് എത്തിത്തുടങ്ങി. രണ്ടുമാസം നീണ്ട വേനലവധിക്ക് ശേഷമാണ് രാജ്യത്ത് വിദ്യാലയങ്ങള് വീണ്ടും പ്രവര്ത്തനം ആരംഭിക്കുന്നത്. സ്വദേശങ്ങളിലേക്ക് അവധിക്ക് പോയ പ്രവാസി കുടുംബങ്ങള് തിരിച്ചെത്തിത്തുടങ്ങി.
അധ്യാപകരോടും അനധ്യാപക ജീവനക്കാരോടും നേരത്തെ ഹാജരാകണമെന്ന് വിവിധ സ്കൂളുകള് നിര്ദേശം നല്കിയിരുന്നു. ഇത് പ്രകാരം ഇന്നലെ മുതല് ജീവനക്കാര് സ്കൂളുകളില് എത്തിത്തുടങ്ങി. പല സ്കൂളുകളും അധ്യാപകര്ക്കായി പരിശീലനപരിപാടികളും ശില്പ്പശാലകളും ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ പൊലീസ് സേനകളും സ്കൂള് തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിലാണ്. വിദ്യാലയങ്ങള് തുറക്കുന്നതോടെ നിരത്തുകളില് വാഹനത്തിരക്ക് കൂടും. ഇതിന് പരിഹാരം കാണുന്നതിനും അപകടങ്ങള് കുറയ്ക്കുന്നതിനുമാണ് പൊലീസ് സേനകളുടെ ശ്രമം. സെപ്റ്റംബര് 25 അപകടരഹിതദിനമായി ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂള് ബസ് ഡ്രൈവര്മാര്ക്കും പൊലീസ് മാര്ഗ്ഗനിര്ദ്ദേശങ്ങള് നല്കുന്നുണ്ട്. ഗതാഗത നിയമങ്ങള് കൃത്യമായി പാലിച്ച് വാഹനം ഓടിക്കണമെന്ന് ആവര്ത്തിച്ചുളള മുന്നറിയിപ്പുകളില് പറയുന്നു. സ്കൂള് തുറക്കുന്ന ആദ്യ ദിവസങ്ങളില് നിരത്തുകളില് കൂടുതല് തിരക്കിന് സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
Content Highlights: UAE schools set to welcome teachers and other staff on Monday