ഖരീഫ് സീസണിൽ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ; മൊബൈൽ ഫുഡ് ലബോറട്ടറി വരും

ഖരീഫ് സീസണ്‍ ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നല്‍കുന്ന എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളും കുടി വെള്ളവും പ്രാദേശികവും അന്തര്‍ദേശീയവുമായ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അത്യാധിനിക മൊബൈല്‍ ലബോറട്ടറി സജ്ജമാക്കിയിരിക്കുന്നത്

ഒമാനിലെ സലാലയിലെ ഖരീഫ് സീസണില്‍ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ അത്യാധുനിക മൊബൈല്‍ ഫുഡ് ലബോറട്ടറിയുമായി ദോഫാര്‍ മുനിസിപ്പാലിറ്റി. ഭക്ഷണത്തിന്റെയും ജലത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.

ഖരീഫ് സീസണ്‍ ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നല്‍കുന്ന എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളും കുടി വെള്ളവും പ്രാദേശികവും അന്തര്‍ദേശീയവുമായ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അത്യാധിനിക മൊബൈല്‍ ലബോറട്ടറി സജ്ജമാക്കിയിരിക്കുന്നത്. സ്ഥിരവും താത്ക്കാലികവുമായ ഔട്ട്‌ലെറ്റുകളില്‍നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണം, വെള്ളം, മറ്റ് പാനീയങ്ങള്‍ എന്നിവയുടെ പരിശോധന കൃത്യമായി നടത്താന്‍ പുതിയ സംവിധാനത്തലൂടെ സാധിക്കുമെന്ന് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്മെന്റ് ഇവാലുവേഷന്‍ വിഭാഗം അറിയിച്ചു.

കൃത്യമായ വിശകലനവും ഇതിലൂടെ സാധ്യമാകും. ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സന്ദര്‍ശകര്‍ക്ക് നല്‍കുന്ന കുപ്പി വെള്ളത്തിന്റെയും ഗുണനിലവാരം നിരീക്ഷിക്കാനും അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. അത്യാധുനിക സൗകര്യങ്ങളാണ് മൊബൈല്‍ ലാബോറട്ടറിയില്‍ ഒരുക്കിയിരിക്കുന്നത്. നിയമ ലംഘര്‍ക്കെതിരെ വേഗത്തില്‍ നടപടി സ്വീകരിക്കുന്നതിനും ഇതിലൂടെ കഴിയും.

ഭക്ഷ്യജന്യ, ജലജന്യ രോഗങ്ങള്‍, പ്രതിരോധ നടപടികള്‍, മികച്ച ശുചിത്വ രീതികള്‍ എന്നിവയെക്കുറിച്ച് ഉപഭോക്താക്കളെയും വില്‍പനക്കാരെയും ബോധവത്കരിക്കുന്നതിനുളള വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയും മൊബൈല്‍ ലാബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതത്ത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദോഫാര്‍ മുന്‍സിപ്പാലിറ്റി അറിയിച്ചു.

Content Highlights: Mobile laboratory ensures food safety during khareef

To advertise here,contact us