ഒമാനിലെ ഖരീഫ് സീസണില് സഞ്ചാരികളുടെ തിരക്ക് കൂടുന്നു. നാല് ലക്ഷത്തിലധികം സഞ്ചാരികളാണ് ദോഫാരില് നക്കുന്ന ഖരീഫ് മണ്സൂണ് സീസണ് ആസ്വദിക്കാന് ഇതുവരെ എത്തിയത്. അടുത്ത മാസം 20 വരെയാണ് ഈ വര്ഷത്തെ ഖരീഫ് കാലം.
ഖരീഫ് സീസണ് ആരംഭിച്ചതുമുതല് ദോഫാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ഓരോ ദിവസവും സഞ്ചാരികളുടെ തിരക്ക് പതിന്മടങ്ങ് വര്ദ്ധിക്കുന്നുമുണ്ട്. ജൂണ് 21 മുതല് ജൂലൈ അവസാനം വരെയുളള നാല്പ്പത് ദിവസത്തെ കണക്കുകള് പ്രകാരം ഏകദേശം 4,21,000 സന്ദര്ശകരാണ് ഖരീഫ് കാലം ആസ്വദിക്കാന് എത്തിയത്. മുന് വര്ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴ് ശതമാനം വര്ദ്ധനവാണ് ഖരീഫ് കാലത്ത് ഒമാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഖരീഫ് കാലത്ത് ഒമാനി സന്ദര്ശകരുടെ എണ്ണം 75.6% വര്ദ്ധിച്ച് 334,399 ആയെന്നും കണക്കുകള് വ്യക്തമാക്കുന്നു. ജിസിസി രാജ്യങ്ങളില് നിന്ന് 69,801 സന്ദർശകരും മറ്റ് രാജ്യങ്ങളില് നിന്ന് 37,900 സന്ദര്ശകരും ഇതുവരെ ദോഫാറില് എത്തിക്കഴിഞ്ഞു. കഴിഞ്ഞ മാസം അവസാനത്തോട 334,846 സന്ദര്ശകര് കരമാര്ഗവും 107,254 സന്ദര്ശകര് വിമാനമാര്ഗം ഖരീഫ് മണ്സൂണ് ആസ്വദിക്കാനായി എത്തിച്ചേര്ന്നു. ഇതില് ജൂലൈ ഒന്നിനും ജൂലൈ 31നുമിടയിലായിരുന്നു 95.3 ശതമാനം സഞ്ചാരികളും എത്തിയത്.
ജൂണ് ഒന്നിനും ജൂൺ 30നുമിടയില് 4.7 ശതമാനം ആളുകളാണ് ദോഫാറില് എത്തിയത്. വരും ദിവസങ്ങളില് തിരക്ക് ഇനിയും വര്ദ്ധിക്കുമെന്നാണ് വിലയിരുത്തല്. സഞ്ചാരികള്ക്കായി പ്രത്യേക സുരക്ഷാ മാര്ഗ നിര്ദേശങ്ങളും റോയല് ഒമാന് പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Content Highlights: Tourists flock to Oman during the Kharif season