ഒമാനില് വേതന സംരക്ഷണ സംവിധാനമായ ഡബ്ലു.പി.എസ് (വേജ് പ്രൊട്ടക്ഷൻ സിസ്റ്റം) വഴി ശമ്പളം നല്കുന്നതിന് പുതിയ മാര്ഗ്ഗനിര്ദേശങ്ങളുമായി തൊഴില് മന്ത്രാലയം. സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ 75 ശതമാനം പേരുടെ വേതനം ഡബ്ലു.പി.എസ് സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യണമെന്ന് പുതിയ നിയമത്തില് പറയുന്നു.
പുതിയ വേതന സംരക്ഷണം നിയമം അടുത്ത മാസം ആദ്യം മുതല് നടപ്പിലാക്കാനാണ് ഒമാന് തൊഴില് മന്ത്രാലയം ലക്ഷ്യമിടുന്നത്. സെപ്റ്റംബര് മാസത്തെ ശമ്പളം ഒക്ടോബറില് വിതരണം ചെയ്യുമ്പോള് പുതിയ രീതിയിലേക്ക് എല്ലാ സ്ഥാപനങ്ങളും മാറേണ്ടി വരും. തുടക്കത്തില് കുറഞ്ഞത് 75 ശതമാനം പേരുടെയെങ്കിലും ശമ്പളം ഡബ്ലു.പി.എസ് വഴി നല്കണമെന്നാണ് നിര്ദ്ദേശം നൽകിയിരിക്കുന്നത്. പിന്നീട് 90 ശതമാനം ജീവനക്കാരുടെയും വേതനം ഈ സംവിധാനത്തിലേക്ക് മാറ്റണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
നവംബറിലെ വേതനം മുതല് ഈ രീതി പിന്തുടണമെന്നാണ് തൊഴില് മന്ത്രാലയത്തിന്റെ ഉത്തരവ്. തൊഴില് വിപണിയെ നിയന്ത്രിക്കുന്നതിനും വേതനം കൈമാറ്റത്തില് സുതാര്യത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. സാമ്പത്തിക പിഴകളിലേക്ക് നയിച്ചേക്കാവുന്ന നിയമ ലംഘനങ്ങള് തടയുകയും ഇതിലൂടെ ലക്ഷ്യമിടുന്നു.
ജീവനക്കാര് ശമ്പളത്തിന് അര്ഹരായത് മുതല് മൂന്നൂദിവസത്തിനുള്ളില് വേതനം ബാങ്ക് അക്കൗണ്ട് വഴി നല്കണം. പണം ട്രാന്സ്ഫര് ചെയ്ത മാസമല്ല ശമ്പളം നല്കിയ മാസമാണ് രേഖപ്പെടുത്തേണ്ടതെന്ന് തൊഴില് മന്ത്രാലയം നിര്ദേശിച്ചു. തൊഴിലുടമയുടെ വാണിജ്യ രജിസ്ട്രേഷന് നമ്പറും രേഖപ്പെടുത്തണം. എല്ലാ തൊഴിലാളികള്ക്കും സാധുതയുള്ള തൊഴില് കരാര് ഉണ്ടായിരിക്കണമെന്നും നിര്ദേശത്തില് പറയുന്നു.
തൊഴിലാളിക്ക് നല്കുന്ന വേതനം കരാറില് പറഞ്ഞിരിക്കുന്ന നിബന്ധനകള്ക്കും വ്യവസ്ഥകള്ക്കും അനുസൃതമായിരിക്കണം. അധിക അലവന്സുകള്, ഓവര്ടൈം വേതനം, കിഴിവുകള് എന്നിവ ഉണ്ടെങ്കില് അതും കൃത്യമായി രേഖപ്പെടുത്തണം.
നിയമലംഘകര്ക്ക് 50 റിയാലാണ് പിഴ. ആദ്യം മൂന്നറിയിപ്പ് നല്കുന്നതിനൊപ്പം പ്രാരംഭ വര്ക്ക് പെര്മിറ്റ് നല്കുന്ന സേവനവും താല്ക്കാലികമായി നിര്ത്തിവെക്കും. വീണ്ടും നിയമ ലംഘനം തുടര്ന്നാലായിരിക്കും പിഴ ചുമത്തുക. തെറ്റ് ആവര്ത്തിച്ചാല് പിഴ ഇരട്ടിയാകും. സെന്ട്രല് ബാങ്കുമായി സഹകരിച്ചാണ് പുതിയ സംവിധാനം തൊഴില് മന്ത്രാലയം ആവിഷ്ക്കരിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുളള പരിഷ്കരണത്തിന്റെ ഭാഗമായിക്കൂടിയാണ് പുതിയ നിര്ദേശങ്ങള് പുറപ്പെടുവിച്ചിരിക്കുന്നത്.
Content Highlights: Oman sets new wage transfer compliance for companies