ജി- പേ (ഗൂഗിൾ പേ) ഇനി മുതൽ ഒമാനിലും ഉപയോഗിക്കാൻ സാധിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ലബനനൊപ്പമാണ് ഒമാനിലും പുതിയ സേവനങ്ങൾക്ക് ഗൂഗിൾ തുടക്കമിട്ടിരിക്കുന്നത്. കോൺടാക്ട്ലെസ് പേമെന്റുകൾ സ്വീകരിക്കുന്ന ഇടങ്ങളിൽ ഇത് ഉപയോഗിച്ച് പണമിടപാടുകൾ സുരക്ഷിതമായി നടത്താവുന്നതാണ്. എന്നാൽ, ജി- പേ ഉപയോഗിച്ച് സുഹൃത്തുക്കൾക്ക് പണമയക്കാനോ സേവനങ്ങൾക്ക് പണം അടക്കാനോ സാധിക്കില്ല. ജി-പേ പിന്തുണക്കുന്ന വെബ്സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും മാത്രമേ ഇടപാടുകൾ നടത്താനാകൂ. നിലവിൽ ജി-പേ സേവനം ലഭ്യമാക്കിയിരിക്കുന്നത് സൊഹാർ ഇൻ്റർനാഷനൽ ബാങ്ക് മാത്രമാണ്.
ഒമാനിൽ മുൻപ് തുടങ്ങിയ ആപ്പിൾ പേ, സാംസങ് പേ സംവിധാവനങ്ങൾക്ക് സമാനമാണ് പുതിയ ജി-പേയും. നിലവിൽ അതത് നിശ്ചിത ഉപയോക്തകള്ക്ക് മാത്രമേ ആപ്പിൾ പേയും സാസംങ് പേയും ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഗൂഗിൾ പേ ഒട്ടുമിക്ക മൊബൈൽ ഫോൺ ഉപയോക്താക്കള്ക്കും പ്രയോജനപ്പെടുത്താം. നിലവിലെ കാർഡ് അധിഷ്ഠിത പേമെന്റ് രീതിക്ക് പകരമായി കാർഡ് ടോക്കണൈസേഷൻ സേവനം നൽകുന്നതിന് ബാങ്കുകൾക്കും പേമെൻ്റ് സേവന ദാതാക്കൾക്കും ഒമാൻ സെൻട്രൽ ബാങ്ക്(സിബിഒ) മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.
ടോക്കണൈസേഷൻ എന്നത് യഥാർഥ കാർഡ് വിശദാംശങ്ങൾക്കു പകരം ടോക്കണുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഡുകളിൽ ഇടപാടുകൾ സാധ്യമാക്കുന്ന മാർഗമാണ്. ഇവിടെ ഓരോ ഇടപാടിനും വ്യത്യസ്ത കോഡുകൾ ജനറേറ്റ് ചെയ്യപ്പെടും. ഒരിക്കൽ ജനറേറ്റ് ചെയ്ത കോഡ് മറ്റൊരു സന്ദർഭത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല. സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ല.
മൊബൈൽ വാലറ്റുകൾ, ക്യുആർ കോഡ് പേമെന്റുകൾ, കാർഡ് ടോക്കണൈസേഷൻ ചട്ടക്കൂടുകൾ തുടങ്ങിയ സംരംഭങ്ങളിലൂടെ പണരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സിബിഒ ശ്രമങ്ങളാണ് ഒമാനിലെ ഡിജിറ്റൽ പേമെന്റു്കൾ ശ്രദ്ധേയമായ വേഗം കൈവരിക്കാൻ കാരണമെന്ന് പുതിയ സാങ്കേതികവിദ്യകളുടെ പ്രചാരണത്തിനായി പ്രവര്ത്തിക്കുന്ന സംരംഭ ഗ്രൂപ്പായ ടെക്വൺഫൈവിലെ മുഹമ്മദ് ബിൻ സൈഫ് അൽ മഞ്ചി പറഞ്ഞു.
Content Highlights: Google announced that Google Pay can now be used in Oman as well