ഒമാനികളുടെ തനത് വിഭവം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഷുവ

ഷുവ ഇല്ലാത്ത ഒരു പെരുന്നാള്‍ ഒമാനികളുടെ ചിന്തയില്‍ പോലും ഉണ്ടായിരിക്കില്ല

പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് ശേഷം ആളുകള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് ഷുവ എന്ന ഒമാന്‍ വിഭവം. ഒമാനിലെ പെരുന്നാള്‍ ആഘോഷത്തില്‍ പ്രധാനിയാണ് ഷുവ എന്ന ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കുന്ന വിഭവം. പെരുന്നാളിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകളാണ് ഷുവയുടെ റെസിപിയും വിഭവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും പങ്കുവെക്കുന്നത്.

ഒമാനികള്‍ ആതിഥ്യമര്യാദയ്‌ക്കൊപ്പം ഭക്ഷണം വിളമ്പുന്നതിലും പേര് കേട്ടിട്ടുള്ള ജനവിഭാഗമാണ്. ഒമാനികളുടെ തനത് വിഭവമാണ് ഷുവ. ഷുവ ഇല്ലാത്ത ഒരു പെരുന്നാള്‍ ഒമാനികളുടെ ചിന്തയില്‍ പോലും ഉണ്ടായിരിക്കില്ല.

കൂട്ടമായിട്ടാണ് ഒമാനിലെ ആളുകള്‍ ഈദ് അവധി ആഘോഷിക്കുക. പരമ്പരാഗതമായ പാട്ട്, നൃത്തം, കുതിരസവാരി ഇതൊക്കെയാണ് ഈദ് ആഘോഷത്തില്‍ ഒമാനികളുടെ പ്രധാന വിനോദം. പെരുന്നാള്‍ ദിനത്തില്‍ നമ്മള്‍ ബിരിയാണി ഉണ്ടാക്കുന്നത് പോലെ ഒമാനികള്‍ ഷുവ ഉണ്ടാക്കും. ചുട്ട ഇറച്ചി എന്നാണ് ഷുവ എന്ന വാക്കി അറബിയില്‍ അര്‍ത്ഥം. ഒരുമയുടെ പ്രതീകമായാണ് ഷുവയെ ഒമാനികള്‍ കാണുന്നത്.

ആട്ടിറച്ചി കൊണ്ടാണ് പ്രധാനമായും ഷുവ ഉണ്ടാക്കുന്നത്. ചില സമയങ്ങളില്‍ ഒട്ടകത്തിന്റെ ഇറച്ചിയും ഇതിനായി ഉപയോഗിക്കാറുണ്ട്. പെരുന്നാള്‍ ദിനത്തില്‍ ആളുകള്‍ കൂട്ടത്തോടെ ഷുവ ഉണ്ടാക്കുന്നത് ഒമാനിലെ ഒരു പ്രധാന കാഴ്ച്ചയാണ്.

ഒന്നാം പെരുന്നാളിന് അറക്കുന്ന ഇറച്ചി ചില പ്രത്യേക സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം പുരട്ടി വാഴയിലയില്‍ പൊതിഞ്ഞ് ഈത്തപ്പനയുടെ ഓലകള്‍ മെടഞ്ഞുണ്ടാക്കിയ സഞ്ചിയില്‍ വച്ച് തുന്നും. തുടര്‍ന്ന് ഈ ബാഗിനെ നേര്‍ത്ത ലോഹത്തിന്റെ നെറ്റ് കൊണ്ട് മൂടിയ ശേഷം തനൂര്‍ എന്ന് അറിയപ്പെടുന്ന കുഴിയിലേക്ക് ഇടുന്നു. കുഴി അടപ്പ് ഉപയോഗിച്ച് മൂടിയ ശേഷം മുകളില്‍ മണ്ണിടും. പിന്നീട് 24 അല്ലെങ്കില്‍ 48 മണിക്കൂറിന് ശേഷം ഇത് പുറത്തെടുക്കും. ഒമാനിന്റെ മാത്രം വിഭവമായിരുന്ന ഷുവയ്ക്ക് ഇപ്പോള്‍ മറ്റനേകം രാജ്യങ്ങളിലും ആവശ്യക്കാര്‍ ഏറെയാണ്.

Content Highlight; Shuwa: The Star Dish of Oman's Eid Celebrations

To advertise here,contact us