മസ്കറ്റ്: ഭാവികാലം മുൻനിർത്തി പുനരുപയോഗ ഊർജ്ജ മേഖല വികസിപ്പിക്കുന്നതിനായി അത്യാധുനിക സൗരോർജ്ജ നിർമാണ പ്ലാന്റുമായി ഒമാൻ. സോഹാർ ഫ്രീസോണിൽ നിർമിക്കാനുദ്ദേശിക്കുന്ന സൗരോർജ്ജപ്ലാന്റിനായി 565 മില്ല്യൺ ഡോളറിന്റെ കരാറിൽ രാജ്യം ഒപ്പുവെച്ചു. മസ്കറ്റിൽ നടന്ന അഡ്വാന്റേജ് ഒമാൻ ഫോറത്തിൽ ആണ് പദ്ധതി പ്രഖ്യാപിച്ചത്.
ഒമാൻ വിഷൻ 2040 പ്രകാരമാണ് പദ്ധതി. ലോകത്തിലെ ഏറ്റവും മികച്ച സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിർമ്മാതാക്കളും വിതരണക്കാരുമായ ജെഎ സോളാർ എനർജിയും ഇൻവെസ്റ്റ് ഒമാൻ, സോഹർ പോർട്ട്, ഫ്രീസോൺ, മാജിസ് ഇൻഡസ്ട്രിയൽ സർവീസസ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഒമാനി സ്ഥാപനങ്ങളും ചേർന്നാണ് കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്.
സോഹാർ ഫ്രീസോണിന്റെ രണ്ടാം ഘട്ടത്തിൽ 32.8 ഹെക്ടർ സ്ഥലത്ത് ആണ് പദ്ധതിയുടെ പ്രാരംഭപ്രവർത്തനം ആരംഭിക്കുക. 6 ജിഗാവാട്ട് സോളാർ സെല്ലുകളുടെയും 3 ജിഗാവാട്ട് സോളാർ മൊഡ്യൂളുകളുടെയും വാർഷിക ഉൽപാദന ശേഷിയുള്ള പ്ലാന്റിൽ നിന്ന് യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, എന്നി വിപണികളിലേക്കും സേവനം വ്യാപിപ്പിക്കും.
പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ ഇക്കണോമിക് സോണസ് ആൻഡ് ഫ്രീ സോണസ് (OPAZ), അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ, ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി (OETC), NAMA സപ്ലൈ, മാജിസ് ഇൻഡസ്ട്രിയൽ സർവീസസ് എന്നിവയുൾപ്പെടെ ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ ഒരുമിച്ച് ചേർന്നാണ് പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്.
മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ നിക്ഷേപ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള ഒമാന്റെ പ്രതിബദ്ധതയാണ് ഈ സുപ്രധാന കരാറുകളിൽ ഒപ്പുവെക്കുന്നത് എന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഇബ്തിസാം അൽ ഫാറൂജി മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Oman signs $565 million deal for state-of-the-art solar power plant