മസ്‌ക്കറ്റിൽ പള്ളിയ്ക്ക് സമീപം വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

തെളിവെടുപ്പിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണ്

മസ്ക്കറ്റ്: ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ പള്ളിക്ക് സമീപമുണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അൽ വാദി- അൽ കബീർ പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്.

സാഹചര്യം നേരിടാൻ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി തെളിവെടുപ്പിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണ്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് റോയൽ ഒമാൻ പൊലീസ് അനുശോചനം രേഖപ്പെടുത്തി.

അക്രമം നടക്കുമ്പോൾ പള്ളിയിൽ പ്രാർത്ഥന ന‌ടക്കുകയായിരുന്നു. എഴുന്നൂറിലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്. വാഹനങ്ങളിൽ എത്തിയ ആളുകൾ സംഭവസ്ഥലത്ത് ഇറങ്ങി വെടിവെക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുൾപ്പടെ റിപ്പോർട്ട് ചെയ്യുന്നത്. അക്രമകാരികളെ കണ്ടെത്തുന്നതിനായി അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

To advertise here,contact us