വ്യാജ ബാങ്ക് രേഖകള്‍ ചമച്ച് കമ്പനികളുടെ പേരില്‍ കൃത്രിമ ലാഭക്കണക്കുകള്‍ ഉണ്ടാക്കിയ കേസില്‍ കുവൈത്തി പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെ 10 പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു. എന്നാല്‍, പ്രതികള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് കീഴ്ക്കോടതി നേരത്തെ ചുമത്തിയിരുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും 422 ദശലക്ഷം കുവൈറ്റ് ദിനാറിന്റെ ഭീമമായ പിഴയും പത്ത് വര്‍ഷത്തെ തടവുശിക്ഷയും അപ്പീല്‍ കോടതി റദ്ദാക്കി. ജസ്റ്റിസ് അബ്ദുല്ല അല്‍ സാനിഅ അധ്യക്ഷനായ അപ്പീല്‍ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ബെഞ്ചിന്റേതാണ് വിധി. ജഡ്ജിമാരായ മിഷാല്‍ അല്‍ മുതവ്വ, സൗദ് അല്‍ മുതൈരി എന്നിവരും ബെഞ്ചില്‍ അംഗങ്ങളായിരുന്നു.
കമ്പനികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ലഭിക്കാത്ത ലാഭം നേടിയതായി കാണിക്കാന്‍ സാമ്പത്തിക ഇടപാട് രേഖകളിലും ബാങ്ക് രേഖകളിലും കൃത്രിമം നടത്തിയെന്നതായിരുന്നു കേസ്. ഈ കേസില്‍ ആദ്യം വിചാരണ നടത്തിയ കീഴ്ക്കോടതി, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്ക് 10 വര്‍ഷം തടവും പ്രതികള്‍ക്കും കമ്പനികള്‍ക്കുമായി ആകെ 422 ദശലക്ഷം ദിനാര്‍ പിഴയുമാണ് വിധിച്ചിരുന്നത്.
അപ്പീല്‍ കോടതി കേസ് വീണ്ടും വിശദമായി പരിശോധിച്ചപ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം തെളിയിക്കുന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തി. ഇതോടെ ആ കുറ്റവുമായി ബന്ധപ്പെട്ട കഠിന ശിക്ഷകളും സാമ്പത്തിക പിഴകളും റദ്ദാക്കാനും കേസില്‍ ഉള്‍പ്പെട്ട കമ്പനികളെയും മറ്റ് പ്രതികളെയും കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാനും കോടതി ഉത്തരവിട്ടു.
കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ബാങ്ക് രേഖകളില്‍ കൃത്രിമം നടത്തിയെന്ന കുറ്റം കൃത്യമായി തെളിയിക്കപ്പെട്ടതിനാലാണ് 10 പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം തടവുശിക്ഷ വിധിച്ചത്. അതേസമയം, നേരത്തെ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍ക്കെതിരായ തുടര്‍നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
Content Highlights: A Kuwait court has sentenced 10 defendants, including expatriates, to three years in prison for forging banking documents and presenting fictitious company profits.