പരിശോധന ഭയന്ന് സ്വകാര്യ വാഹനങ്ങൾ സർവീസ് നിർത്തി; കുവൈറ്റിൽ പ്രവാസികൾക്ക് കടുത്ത യാത്രാദുരിതം

പൊതുഗതാഗത സൗകര്യങ്ങൾ മുടങ്ങിയതോടെ പലരും എമർജൻസി ലീവ് എടുക്കാൻ നിർബന്ധിതരായി

കുവൈറ്റിൽ അനധികൃത ഗതാഗത സർവീസുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി കടുപ്പിച്ചതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രതിസന്ധിയിൽ. പരിശോധന ഭയന്ന് സ്വകാര്യ ട്രാൻസ്പോർട്ട് വാഹനങ്ങൾ സർവീസ് നിർത്തിവെച്ചതോടെ സ്കൂൾ വിദ്യാർത്ഥികളും മലയാളി നഴ്സുമാരുമടക്കം നൂറുകണക്കിന് ജീവനക്കാരാണ് വലയുന്നത്.

കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് പരിധി ലംഘിച്ച് ബസുകളും മറ്റ് വാഹനങ്ങളും വാടകയ്ക്ക് നൽകുന്നതിനെതിരെ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയതോടെ ഭൂരിഭാഗം സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. രാത്രി വൈകിയാണ് പല കമ്പനികളും സർവീസ് നിർത്തിയ വിവരം യാത്രക്കാരെ അറിയിച്ചത്. ഇതോടെ സ്കൂൾ കുട്ടികളും സ്വകാര്യ കമ്പനി ജീവനക്കാരും മലയാളി നഴ്സുമാരുമടക്കം നിരവധി പേർ യാത്രാക്ലേശത്തിലായി.

പൊതുഗതാഗത സൗകര്യങ്ങൾ മുടങ്ങിയതോടെ പലരും എമർജൻസി ലീവ് എടുക്കാൻ നിർബന്ധിതരായി. ആശുപത്രികളിലേക്കും ജോലിസ്ഥലങ്ങളിലേക്കും പോകാൻ ടാക്സികളെ ആശ്രയിച്ചവരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായും വ്യാപക പരാതിയുണ്ട്. അംഗീകൃത കമ്പനികളുടെ വിസയില്ലാത്തവർ ഡ്രൈവർമാരായി വാഹനം ഓടിക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിരവധി വാഹനങ്ങളും ഡ്രൈവർമാരും ഇതിനകം കസ്റ്റഡിയിലായിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച അബ്ബാസിയയിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 13 പേർക്ക് പരിക്കേൽക്കുകയും എറണാകുളം സ്വദേശിനിയായ നഴ്സിന്റെ കൈ നഷ്ടപ്പെടുകയും ചെയ്തിരുന്നു. അപകടമുണ്ടാക്കിയ ഡ്രൈവർ രാജ്യം വിട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം പരിശോധനകൾ കടുപ്പിച്ചത്. അംഗീകൃത ട്രാൻസ്‌പോർട്ടേഷൻ കമ്പനികളുടെ സേവനം മാത്രം ഉപയോഗപ്പെടുത്തണമെന്നും വാഹനങ്ങൾക്ക് കൃത്യമായ ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

Content Highlights: Private vehicles have stopped offering transport services in Kuwait amid fears of inspections, leaving expatriates facing serious travel difficulties.

To advertise here,contact us