3000 ദിനാറില്‍ താഴെയുള്ള തുടര്‍ച്ചയായ ബാങ്ക് ഇടപാടുകളും നിക്ഷേപങ്ങളും നിരീക്ഷിക്കാന്‍ കുവൈറ്റ്

ഒരു നിശ്ചിത കാലയളവിനുള്ളില്‍ നടക്കുന്ന തുടര്‍ച്ചയായ നിക്ഷേപങ്ങളുടെയും കൈമാറ്റങ്ങളുടെയും എണ്ണം, സമയം, ആകെ തുക എന്നിവ ബാങ്കുകള്‍ സൂക്ഷ്മമായി പരിശോധിക്കും

3000 ദിനാറില്‍ താഴെയുള്ള തുടര്‍ച്ചയായ ബാങ്ക് ഇടപാടുകളും നിക്ഷേപങ്ങളും നിരീക്ഷിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായ വിരുദ്ധ നിയമത്തിന്റെ ഭാഗമായാണ് പ്രസ്തുത നടപടി. നിരീക്ഷണ പരിധിയില്‍ നിന്ന് ഒഴിവാകാന്‍ വലിയ തുകകള്‍ ചെറിയ ഭാഗങ്ങളായി വിഭജിച്ച് (Transaction Splitting) അക്കൗണ്ടുകളിലേക്ക് മാറ്റുന്ന പ്രവണത തടയുന്നതിനാണ് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് (CBK) പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പുതിയ സംവിധാനം അനുസരിച്ച്, 3,000 ദിനാറില്‍ താഴെയുള്ള ഇടപാടുകളെ ഒറ്റപ്പെട്ട ഇടപാടുകളായി മാത്രമായിരിക്കില്ല ബാങ്കുകള്‍ വിലയിരുത്തുക. ഒരു നിശ്ചിത കാലയളവിനുള്ളില്‍ നടക്കുന്ന തുടര്‍ച്ചയായ നിക്ഷേപങ്ങളുടെയും കൈമാറ്റങ്ങളുടെയും എണ്ണം, സമയം, ആകെ തുക എന്നിവ ബാങ്കുകള്‍ സൂക്ഷ്മമായി പരിശോധിക്കും.

നേരത്തെ, ഒരു ഉപഭോക്താവ് ഒരൊറ്റ ദിവസം 3,000 ദിനാറോ അതിന് തുല്യമായ വിദേശ കറന്‍സിയോ അതിലധികമോ പണമായി നിക്ഷേപിക്കുകയോ വിദേശത്തുനിന്ന് അക്കൗണ്ടിലേക്ക് സ്വീകരിക്കുകയോ ചെയ്താല്‍ മാത്രമായിരുന്നു ബാങ്കുകള്‍ റിപ്പോര്‍ട്ടിങ്ങ് ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, നിയമപരമായ നിരീക്ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ തുകകള്‍ മനഃപൂര്‍വം ചെറുതാക്കി പലതവണയായി നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

3000-ല്‍ അധികം ദിനാര്‍ അയക്കുന്നതിന് ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കമുള്ള രേഖകള്‍ എക്സ്‌ചേഞ്ചുകള്‍ക്ക് നല്‍കണം. ഇത് ഒഴിവാക്കാനായി പണം പല ഘട്ടങ്ങളിലായി നാട്ടിലേക്ക് അടക്കം അയക്കുന്ന പതിവുണ്ട് പ്രവാസികള്‍ക്ക്. പ്രാഥമിക നിരീക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്താന്‍ സെന്‍ട്രല്‍ ബാങ്ക് പ്രദേശിക ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരസ്പരബന്ധമുള്ള ഇടപാടുകളുടെ ആകെ തുക, നിക്ഷേപങ്ങളുടെയോ കൈമാറ്റങ്ങളുടെയോ ആവര്‍ത്തന നിരക്ക് (Frequency), ഇടപാടുകള്‍ നടക്കുന്ന സമയപരിധി, അസാധാരണമായ ഇടപാട് രീതികള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ബാങ്കുകള്‍ പ്രധാനമായും പരിശോധിക്കുക.

2013ലെ 106-ാം നമ്പര്‍ കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായ വിരുദ്ധ നിയമത്തിന്റെ ഭാഗമായാണ് പ്രസ്തുത നടപടി. അതോടൊപ്പം, ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും നിര്‍മ്മിത ബുദ്ധി (Artificial Intelligence) ഉപയോഗപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

Content Highlights: Kuwait is preparing to monitor repeated bank transactions and cash deposits below 3,000 dinars as part of efforts to strengthen financial oversight

To advertise here,contact us