കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാർക്കും വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും തത്സമയ സംപ്രേഷണം നടത്തുന്നതിനും വിലക്ക്. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. 2026-ലെ സർക്കുലർ നമ്പർ 60 പ്രകാരം നവംബർ 5 നാണ് നിർദേശം പ്രാബല്യത്തിൽ വന്നത്. ആക്ടിങ് ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബിയാണ് സർക്കുലറിൽ ഒപ്പുവെച്ചത്. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും നിർദേശം ബാധകമാണ്. ജോലിസ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നതിനും വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും മൊബൈൽ ഫോണുകൾ, ക്യാമറകൾ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കരുതെന്നാണ് നിർദേശം.
വിമാനത്താവളത്തിലെ എയർക്രാഫ്റ്റ് പാർക്കിങ് ഏരിയകൾ, യാത്രക്കാരുടെ ടെർമിനലുകൾ, ഭരണ-സാങ്കേതിക കെട്ടിടങ്ങൾ, അതോറിറ്റിയുടെ കീഴിലുള്ള മറ്റ് എല്ലാ കെട്ടിടങ്ങളും സൗകര്യങ്ങളും വിലക്കിന്റെ പരിധിയിൽ വരും. ആഭ്യന്തര രേഖകൾ, ഔദ്യോഗിക കത്തിടപാടുകൾ, സുരക്ഷാ നടപടിക്രമങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, പരിശോധനാ കേന്ദ്രങ്ങൾ, നിരീക്ഷണ ക്യാമറകൾ എന്നിവയുടെ ചിത്രീകരണത്തിനും പ്രസിദ്ധീകരണത്തിനും വിലക്കുണ്ട്. വിമാനങ്ങളുടെ നീക്കങ്ങളും വിമാനത്താവളത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ചിത്രീകരിക്കാൻ പാടില്ല.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളവും അനുബന്ധ സൗകര്യങ്ങളും അതീവ സുരക്ഷാ പ്രാധാന്യമുള്ള അടിസ്ഥാന സൗകര്യങ്ങളാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ജീവനക്കാരുടെയും യാത്രക്കാരുടെയും സ്വകാര്യത സംരക്ഷിക്കുക, സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്തുപോകുന്നത് തടയുക, വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി ഉറപ്പാക്കുക എന്നിവയാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം.
Content Highlights: Kuwait has imposed strict restrictions on photography, video recording and live broadcasts at Kuwait International Airport, warning of legal action against violators.