ആരോഗ്യസംരക്ഷണം കർശനമാക്കാൻ കുവൈറ്റ്; പുകയിലയ്ക്കും കൂൾ ഡ്രിങ്ക്സുകൾക്കും എക്സൈസ് നികുതി

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനമുണ്ടായത്

ആരോഗ്യത്തിന് ഹാനികരമായ ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി എക്സൈസ് നികുതി ഏർപ്പെടുത്താൻ കുവൈറ്റ് മന്ത്രിസഭയുടെ തീരുമാനം. പുകയില ഉത്പ്പന്നങ്ങൾ, എനർജി ഡ്രിങ്കുകൾ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയ്ക്കാണ് പുതിയ നികുതി ചുമത്തുന്നത്. എണ്ണയിതര വരുമാനത്തിലൂടെ പ്രതിവർഷം 200 മില്യൺ കുവൈറ്റി ദിനാറിലധികം അധിക വരുമാനമാണ് രാജ്യം ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. പുകയില ഉത്പ്പന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനവും കാർബണേറ്റഡ് പാനീയങ്ങൾക്ക് 50 ശതമാനവുമാണ് എക്സൈസ് നികുതി ഏർപ്പെടുത്തുക. മറ്റ് മധുരപാനീയങ്ങൾക്ക് അവയിലെ പഞ്ചസാരയുടെ അളവ് അനുസരിച്ചായിരിക്കും നികുതി ഈടാക്കുക. സംബന്ധിച്ച കരട് ഡിക്രി അന്തിമ അംഗീകാരത്തിനായി അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് സമർപ്പിച്ചു. പുതിയ നികുതി പ്രാബല്യത്തിൽ വരുന്ന തീയതി സർക്കാർ ഉടൻ പ്രഖ്യാപിക്കും.

അതേസമയം, ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനവും ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച നിക്ഷേപ-സൈനിക കരാറുകളും മന്ത്രിസഭാ യോഗം വിലയിരുത്തി. രാജ്യത്തെ റോഡ് അറ്റകുറ്റപ്പണികൾ, വിമാനത്താവള ടെർമിനൽ 2 നിർമ്മാണം, മലിനജല ശുദ്ധീകരണ പ്ലാന്റ് തുടങ്ങിയ വൻകിട വികസന പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ അവലോകനം ചെയ്തു.

Content Highlights: Kuwait’s Cabinet has approved a draft excise tax on tobacco, energy drinks and soft drinks. Proposed rates include 100% on tobacco and energy drinks and 50% on carbonated drinks.

To advertise here,contact us