ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ ഉൽപ്പാദന തീയതിയും കാലാവധി അവസാനിക്കുന്ന തീയതിയും തിരുത്തി വിൽപ്പന നടത്തിയ കേസിൽ കുവൈത്തിൽ 27 പേരെ അറസ്റ്റ് ചെയ്തു. വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടത്തിയ പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ പെട്ടികളിൽ രേഖപ്പെടുത്തിയിരുന്ന ഉൽപ്പാദന തീയതിയും കാലാവധി അവസാനിക്കുന്ന തീയതിയും മാറ്റി വ്യാജ ലേബലുകൾ പതിക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. ഇത്തരത്തിൽ മത്സ്യങ്ങളുടെ ഉപയോഗകാലാവധി നീട്ടിക്കാണിച്ച് റസ്റ്റോറന്റുകൾ, കമ്പനികൾ, കടകൾ എന്നിവിടങ്ങളിൽ വിൽപ്പന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
പ്രോസിക്യൂഷന്റെ അനുമതിയോടെ കുവൈത്തിലെ സെൻട്രൽ ഫിഷ് മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കാലാവധി തിരുത്തിയ ഇറക്കുമതി മത്സ്യങ്ങളുമായി എത്തിയ 16 ശീതീകരണ ട്രക്കുകളും 894 പെട്ടി മത്സ്യങ്ങളും പിടിച്ചെടുത്തു. വ്യാജ ലേബലുകൾ രൂപകൽപ്പന ചെയ്യാനും അച്ചടിക്കാനും ഉപയോഗിച്ച കമ്പ്യൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ഒരു പ്രിന്റിങ് കമ്പനിയുമായി ചേർന്നാണ് മത്സ്യങ്ങളുടെ കാലാവധി തിരുത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി മന്ത്രാലയം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കമ്പനികളുടെ വിലാസങ്ങളിൽ പരിശോധന നടത്തിയെങ്കിലും അവിടെ യഥാർഥ വ്യാപാര പ്രവർത്തനങ്ങളൊന്നും കണ്ടെത്താനായില്ല. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
Content Highlights: Kuwait authorities have detained 27 people over the sale of imported fish with altered expiry dates following inspections targeting food safety and product labelling violations.