സ്വകാര്യ മേഖലയിലെ ശമ്പള വിതരണം നിരീക്ഷിക്കാൻ കുവൈറ്റ്; വേജ് പേയ്‌മെന്റ് സിസ്റ്റം പ്രാബല്യത്തിൽ

ദേശീയ പേയ്‌മെന്റ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പുതിയ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവന്നത്.

ഖത്തറിന് പിന്നാലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണം കൃത്യമായി നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി കുവൈറ്റ്. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ നേതൃത്വത്തിൽ 'കുവൈറ്റ് വേജ് പേയ്‌മെന്റ് സിസ്റ്റം' (KWPS) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നു. സ്വകാര്യ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനുമാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്.

രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് മേഖല ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സെൻട്രൽ ബാങ്ക് പുതിയ സാങ്കേതിക സംവിധാനത്തിന് തുടക്കമിട്ടത്. KWPS പ്ലാറ്റ്‌ഫോമിലൂടെ ബാങ്കുകൾ വഴി തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് സുരക്ഷിതമായും കൃത്യസമയത്തും ശമ്പളമെത്തുന്നുണ്ടെന്ന് ഉറപ്പാക്കും. കുവൈറ്റിലെ പൊതു തൊഴിൽ വകുപ്പിനാണ് ഈ സംവിധാനത്തിന്റെ മേൽനോട്ടച്ചുമതല. സ്ഥാപനങ്ങൾ നിയമപ്രകാരം കൃത്യമായി ശമ്പളം നൽകുന്നുണ്ടോ എന്ന് തത്സമയം പരിശോധിക്കാൻ ഇതിലൂടെ അധികൃതർക്ക് സാധിക്കും.

പേപ്പർ വർക്കുകളും മാനുവൽ രീതികളും ഒഴിവാക്കി ബാങ്കിംഗ് സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കാൻ ഈ നടപടി വഴിയൊരുക്കും. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ പുതിയ കണക്കനുസരിച്ച് കുവൈറ്റിലെ സ്വകാര്യ മേഖലയിൽ 18 ലക്ഷത്തിലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇത്രയധികം തൊഴിലാളികൾക്ക് ഈ പരിഷ്കാരം വലിയ ആശ്വാസമാകും.

ദേശീയ പേയ്‌മെന്റ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പുതിയ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവന്നത്. മുൻപ് നടപ്പിലാക്കിയ കുവൈറ്റ് ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ്, കുവൈറ്റ് ഡിസ്പ്യൂട്ട് മാനേജ്മെന്റ് സിസ്റ്റം എന്നിവയ്ക്ക് ശേഷമുള്ള മൂന്നാമത്തെ വലിയ സാങ്കേതിക മുന്നേറ്റമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: The Kuwait Wage Payment System (KWPS) creates a centralised platform to electronically process and monitor private-sector wage payments through local banks. Authorities can also track payments in real time and identify non-compliance at an early stage.

To advertise here,contact us