കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി; ഒരാഴ്ചയ്ക്കിടെ 28,000-ത്തിലധികം കേസുകൾ

റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ ഈ കർശന പരിശോധനയ്ക്കിടെ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 243 പേർ അറസ്റ്റിലായിട്ടുണ്ട്

കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായി ട്രാഫിക് വകുപ്പും എമർജൻസി പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ വ്യാപക നടപടി. സെപ്റ്റംബർ 14 മുതൽ 20 വരെയുള്ള ഒരാഴ്ചക്കാലയളവിൽ രാജ്യത്തുടനീളം നടപ്പിലാക്കിയ മിന്നൽ പരിശോധനകളിൽ 28,890 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഗതാഗത വിഭാഗത്തിന് ലഭിച്ച 3,030 പരാതികളിൽ ഉടനടി പരിഹാരം കാണാനും ഈ പരിശോധനകളിലൂടെ സാധിച്ചു.

റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ ഈ കർശന പരിശോധനയ്ക്കിടെ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 243 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ വഞ്ചനാ കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും അന്വേഷണ ഏജൻസികൾ തിരയുന്ന 29 വാണ്ടഡ് പ്രതികളും ഉൾപ്പെടുന്നു. കൂടാതെ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നിയമവിരുദ്ധമായി തങ്ങിയിരുന്ന 35 പേരും ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത അഞ്ചുപേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.

പരിശോധനാ വേളയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ 15 പേരെ മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിച്ചതിനെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. അതിനിടെ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മേഖലയിലുണ്ടായ 1,315 വാഹനാപകടങ്ങളിൽ ട്രാഫിക് പട്രോളിംഗ് വിഭാഗം നേരിട്ടെത്തി രക്ഷാപ്രവർത്തനം നടത്തി. ഇതിൽ 182 അപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇതിനുപുറമെ, സെപ്റ്റംബർ 13 മുതൽ 19 വരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് നടത്തിയ പ്രത്യേക ഡ്രൈവിൽ 1,349 ട്രാഫിക് നിയമലംഘനങ്ങൾ കൂടി രേഖപ്പെടുത്തി. വിവിധ കേസുകളിൽ ഉൾപ്പെട്ട 102 വാണ്ടഡ് പ്രതികളെയും ഇഖാമ കാലാവധി കഴിഞ്ഞ 90 പേരെയും രേഖകളില്ലാത്ത 36 പേരെയും എമർജൻസി പൊലീസ് പിടികൂടി. ഈ കാലയളവിൽ പൊതുജനങ്ങളിൽ നിന്ന് ലഭിച്ച 878 അടിയന്തര സഹായ അഭ്യർത്ഥനകളിലും പോലീസ് കൃത്യമായി ഇടപെട്ട് സേവനങ്ങൾ ലഭ്യമാക്കി.

Read Story:

To advertise here,contact us