കുവൈറ്റിൽ പ്രവാസി വായ്പകൾക്ക് നിയന്ത്രണം; തിരിച്ചടവും തൊഴിൽ സുരക്ഷയും പ്രധാന മാനദണ്ഡം

സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷിയും വിശ്വസ്തതയും ബാങ്കുകൾ പ്രത്യേകം പരിശോധിക്കുന്നുണ്ട്

കുവൈറ്റിൽ പ്രവാസികൾക്ക് വായ്പ നൽകുന്നതിലെ നിബന്ധനകൾ കടുപ്പിക്കാൻ ബാങ്കുകൾ. തൊഴിൽ സുരക്ഷ, സ്വദേശിവത്കരണം, കരാറുകൾ റദ്ദാക്കാനുള്ള സാധ്യതകൾ എന്നിവ മുൻനിർത്തിയാണ് ബാങ്കിംഗ് മേഖലയുടെ ഈ നീക്കം. എന്നാൽ ഇത് പ്രവാസികൾക്കുള്ള വായ്പകൾ പൂർണ്ണമായി നിർത്തിവെക്കലല്ലെന്നും മറിച്ച് അപേക്ഷകന്റെ ജോലി വായ്പാ തിരിച്ചടവ് കാലാവധിയിലുടനീളം സുരക്ഷിതമായിരിക്കുമോ എന്ന് ബാങ്കുകൾ കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കുക മാത്രമാണെന്നും സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

സ്വദേശിവത്കരണ പദ്ധതികളിൽ ഉൾപ്പെടുന്ന സർക്കാർ തസ്തികകൾ, അധിക തസ്തികകളായി കണക്കാക്കപ്പെടുന്നവ, പുനഃസംഘടന നേരിടുന്ന തൊഴിലുകൾ എന്നിവയിലാണ് ബാങ്കുകൾ പ്രധാനമായും കർശന പരിശോധന നടത്തുന്നത്. അധ്യാപകരിൽ സർപ്ലസ് സ്റ്റാഫിംഗ് പട്ടികയിലുള്ള പൊതുവിദ്യാലയ അധ്യാപകർ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ, പൊതുജന നന്മക്കായി പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവിടങ്ങളിലെ ജീവനക്കാർ എന്നിവർക്കെല്ലാം വായ്പ ലഭിക്കുന്നത് കൂടുതൽ പ്രയാസകരമാകും. അതേസമയം, ഡോക്ടർമാർ, എൻജിനീയർമാർ, ആരോഗ്യ പ്രവർത്തകർ, ടെക്നീഷ്യൻമാർ, വിവരസാങ്കേതികവിദ്യ (IT), നിർമ്മിത ബുദ്ധി (AI) മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് ജോലിയിൽ കൂടുതൽ സുരക്ഷിതത്വമുള്ളതിനാൽ ഇവർക്ക് തടസ്സമില്ലാതെ വായ്പകൾ ലഭ്യമാകും.

വായ്പ അനുവദിക്കുന്നതിൽ അപേക്ഷകരുടെ സർവീസ് കാലയളവ്, ശമ്പളം, ക്രെഡിറ്റ് ഹിസ്റ്ററി, സർവീസ് ആനുകൂല്യങ്ങൾ (End-of-Service Benefits) എന്നിവ വളരെ നിർണായകമായ ഘടകങ്ങളായി മാറിക്കഴിഞ്ഞു. പത്തോ അതിലധികമോ വർഷത്തെ പ്രവൃത്തിപരിചയമുള്ള ജീവനക്കാരെ ബാങ്കുകൾ കുറഞ്ഞ അപകടസാധ്യതയുള്ള അപേക്ഷകരായി പരിഗണിക്കും. കാരണം അവരുടെ സർവീസ് ആനുകൂല്യ തുക വായ്പക്ക് ഒരു അധിക സുരക്ഷ നൽകുന്നുണ്ട്. എന്നാൽ പുതുതായി ജോലിയിൽ പ്രവേശിച്ചവർക്കും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും കൂടുതൽ കടുത്ത വ്യവസ്ഥകളും കുറഞ്ഞ വായ്പാ പരിധിയുമായിരിക്കും ലഭിക്കുക.

നിബന്ധനകൾക്ക് വിധേയമായി സ്വദേശികൾക്കും യോഗ്യരായ പ്രവാസികൾക്കും കൺസ്യൂമർ, ഹൗസിങ് ഫിനാൻസുകൾ ചേർത്ത് പരമാവധി 95,000 കുവൈത്തി ദിനാർ (KD) വരെ വായ്പ ലഭിക്കും. 95,000 ദിനാർ വായ്പ ലഭിക്കുന്നതിന് അപേക്ഷകന് പ്രതിമാസം കുറഞ്ഞത് 2,750 ദിനാർ ശമ്പളമുണ്ടായിരിക്കണം. ഇതിന്റെ പ്രതിമാസ തിരിച്ചടവ് ഗഡു (EMI) ഏകദേശം 1,100 ദിനാറാണ്. അതേസമയം, 25,000 ദിനാറിന്റെ വായ്പ ലഭിക്കാൻ 1,225 ദിനാർ പ്രതിമാസ ശമ്പളം ആവശ്യമാണ്. ഇതിന് പ്രതിമാസ അടവ് ഏകദേശം 490 ദിനാർ ആയിരിക്കും.

സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷിയും വിശ്വസ്തതയും ബാങ്കുകൾ പ്രത്യേകം പരിശോധിക്കുന്നുണ്ട്. കൂടാതെ, വരാനിരിക്കുന്ന സ്വദേശിവത്കരണ പദ്ധതികളും വായ്പാ കാലാവധിയെ ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, 2030-ഓടെ ജുഡീഷ്യറി പൂർണ്ണമായും സ്വദേശിവത്കരിക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ ജഡ്ജിമാരുടെ വായ്പാ തിരിച്ചടവ് കാലാവധി അവരുടെ ജോലിയിൽ തുടരാൻ സാധിക്കുന്ന കാലയളവിന് അനുസൃതമായി ബാങ്കുകൾ ക്രമീകരിക്കും. എന്നാൽ വലിയ നിക്ഷേപങ്ങളും ആസ്തികളും ഉയർന്ന സർവീസ് ആനുകൂല്യങ്ങളുമുള്ള പ്രവാസി ഉപഭോക്താക്കൾക്ക് കൂടുതൽ ഉയർന്ന തുകയും മികച്ച പലിശനിരക്കുകളും ലഭ്യമാക്കുന്ന മുൻഗണന തുടർന്നും ലഭിക്കും.

Content Highlights: Kuwait banks are adopting stricter lending criteria for expatriates. Employment stability, employer strength, salary, credit history, length of service and repayment capacity are receiving greater attention, particularly for jobs vulnerable to Kuwaitisation or restructuring

To advertise here,contact us